
യൂറോപ്പിലെ തിയേറ്ററുകളെ അപേക്ഷിച്ച് ഇന്ത്യന്‍ സിനിമ തിയേറ്ററുകള്‍ തന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുെ്രെകനിയന്‍ യുവതി. അന്ന ലുസാക്കോവ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ഇന്ത്യന്‍ തിയേറ്റര്‍ അനുഭവം പങ്കുവെച്ചിരിക്കുന്നത്. താന്‍ ഇന്ത്യയില്‍ വെച്ച് ഒരു സിനിമ കാണാന്‍ പോയപ്പോള്‍ തിയേറ്ററില്‍ കണ്ട അത്യാധുനിക സൗകര്യങ്ങളും ആഡംബരവും യൂറോപ്പില്‍ ഒരിടത്തും കണ്ടിട്ടില്ലാത്തതാണെന്ന് യുവതി തന്റെ വീഡിയോയിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
സിനിമ കാണാന്‍ എത്തിയ തനിക്ക് ലഭിച്ച രാജകീയമായ സ്വീകരണത്തെക്കുറിച്ചാണ് അന്ന പ്രധാനമായും സംസാരിക്കുന്നത്. തിയേറ്ററിലെ സീറ്റുകള്‍ ബെഡ് പോലെയാക്കി മാറ്റാന്‍ കഴിയുന്നവയായിരുന്നുവെന്നും, ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പുതപ്പും തലയണയും വരെ ജീവനക്കാര്‍ സീറ്റില്‍ എത്തിച്ചു തരുമെന്നും യുവതി പറയുന്നു. കൂടാതെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് സംവിധാനവും സീറ്റില്‍ തന്നെയുള്ള വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവും തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് യുവതി വ്യക്തമാക്കുന്നു.
യൂറോപ്യന്‍ തിയേറ്ററുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ തിയേറ്ററുകള്‍ വളരെ മുന്നിലാണെന്ന് യുവതി അവകാശപ്പെടുന്നു. 'യൂറോപ്പിലെ തിയേറ്ററുകളില്‍ സാധാരണയായി ഇത്തരം വിഐപി സൗകര്യങ്ങള്‍ ഉണ്ടാകാറില്ല. പരമാവധി പോയാല്‍ അല്പം പുറകിലേക്ക് ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍ മാത്രമായിരിക്കും അവിടെ ലഭിക്കുക,' അന്ന വീഡിയോയില്‍ പറയുന്നു. രണ്ട് രാജ്യങ്ങളിലെയും തിയേറ്ററുകള്‍ തമ്മില്‍ യാതൊരു മത്സരവുമില്ലെന്നും ഇന്ത്യന്‍ തിയേറ്ററുകള്‍ തന്നെയാണ് ഏറ്റവും മികച്ചതെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. നിരവധി ഇന്ത്യക്കാരാണ് യുവതിയുടെ വീഡിയോയ്ക്ക് താഴെ അഭിമാനത്തോടെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സിനിമാ ആസ്വാദനം എന്നത് വെറുമൊരു കാഴ്ച മാത്രമല്ല, മറിച്ച് ഒരു വലിയ ആഘോഷം കൂടിയാണെന്ന് തെളിയിക്കുന്നതാണ് ഈ വിദേശ യുവതിയുടെ പ്രതികരണമെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.






