
റിച്ചി ഒരു പരസ്യ സംവിധായകനാണ്. പുതുതായി ഒരുക്കിയ ഒരു പരസ്യത്തിന്റെ ഹാര്‍ഡ് ഡിസ്ക്, ഒരു ഷോപ്പില്‍ സര്‍വീസിനു കൊടുക്കുന്നു. കുറച്ചുദിവസം കഴിഞ്ഞ് അതു വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അതു തന്റേതല്ലെന്നും മറ്റാരുടേയാണെന്നും തിരിച്ചറിയുന്നത്. ഷോപ്പില്‍ ചെന്ന് കാര്യം പറയുകയും ഡിസ്ക്കുകള്‍ തമ്മില്‍ മാറിപ്പോയതാണെന്നും പറഞ്ഞ് റിച്ചിയുടെ ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയ പെണ്‍കുട്ടി യുടെ മൊബൈല്‍ നമ്പര്‍ കൊടുക്കുന്നു.
പരസ്പരം മാറിപ്പോയ ഡിസ്ക് കൈമാറാന്‍ റിച്ചി, സ്നേഹ എന്ന പെണ്‍കുട്ടിയുമായി ബന്ധപ്പെടുന്നു. വളരെ നാളത്തെ ശ്രമഫലമായിട്ടാണ് അത് കിട്ടിയത്. അപ്പോഴും അവര്‍ പരസ്പരം കണ്ടിരുന്നില്ല. പക്ഷേ സൗഹൃദം തുടര്‍ന്നു. ക്രമേണ റിച്ചിക്ക് സ്നേഹയോട് പ്രണയം തോന്നി. പക്ഷേ സ്നേഹയ്ക്ക് ഒന്നുമുണ്ടായിരുന്നില്ലെങ്കിലും റിച്ചിയുടെ വാക്കുകള്‍ നിരസിച്ചില്ല.
ഒരുദിവസം റിച്ചി സ്നേഹയുടെ ഫോട്ടോ ചോദിച്ചു. കൂട്ടുകാരിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്നേഹ ജാനകി എന്ന മോഡലിന്റെ ഫോട്ടോ അയയ്ക്കുന്നു. സ്നേഹ എന്ന ഭാവത്തില്‍ റിച്ചി ജാനകിയുടെ ഫോട്ടോ മനസ്സില്‍ സൂക്ഷിച്ചു നടന്നു. പ്രണയദിനത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി റിച്ചി സ്നേഹയുടെ ഫോട്ടോ സ്റ്റുഡിയോയില്‍ കൊണ്ടുപോകുന്നു. ആ ഫോട്ടോയില്‍ ചില വര്‍ക്കുകള്‍ ചെയ്യുകയായിരുന്നു ഉദ്ദേശ്യം.
പക്ഷേ അത് സ്റ്റുഡിയോയിലെ ആളിന്റെ കൈയില്‍ കിട്ടിയപ്പോള്‍ ഞെട്ടി. അത് അയാളുടെ ഭാര്യ ജാനകിയുടെ ഫോട്ടോയായിരുന്നു. അന്ന് ജീവന്റെയും ജാനകിയുടെയും ആദ്യ വിവാഹവാര്‍ഷികമായിരുന്നു. തുടര്‍ന്ന് ആ നാലുപേരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'കാപ്പു ചിനോ' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
നവാഗതനായ നൗഷാദ് സംവിധാനം ചെയ്യുന്ന 'കാപ്പു ചിനോ' എന്ന ചിത്രത്തില്‍ ജീവനായി അനീഷ് ജി. മേനോനും റിച്ചിയായി അന്‍വര്‍ ഷെറീഫും ജാനകിയായി നടാഷയും സ്നേഹയായി അനീറ്റയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനീത് മോഹന്‍, ധര്മ്മജന് ബോള്‍ഗാട്ടി, സുധി കോപ്പ, ഹരീഷ് കണാരന്, സുനില്‍ സുഖദ, മനോജ്, ഗിന്നസ്, പ്രദീപ് കോട്ടയം, ശരണ്യ ആനന്ദ്, സുബി സുരേഷ്, ജീജാ സുരേന്ദ്രന് തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.
പാനിംഗ് ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോ. സ്കോട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നൂറുദ്ദീന്‍ ബാവ നിര്‍വഹിക്കുന്നു. നൗഷാദ്, റെജികുമാര്‍, ജോഫ് പാലയൂര്‍ എന്നിവരുടെ കഥയ്ക്ക് റെജികുമാര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ്, വേണു വി. ദേശം, ഹനീസ എസ്. കന എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകരുന്നു.
പ്രൊഡക്്ഷന്‍ കണ്ട്രോളര്- ഗിരീഷ് കൊടുങ്ങല്ലൂര്‍, എക്സി. പ്രൊഡ്യൂസര്‍- ഉണ്ണികൃഷ്ണന് വി.എസ്., കല- അരുണ്‍ പി. അര്ജുന്, മേക്കപ്പ്- അഭിലാഷ്, വസ്ത്രാലങ്കാരം- ബുസി ബേബി ജോണ്‍, സ്റ്റില്‍സ്- ഫസല്‍ ആലൂര്, പരസ്യകല- റഹ്മാന്, എഡിറ്റര്‍- സജിത് പനങ്ങാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനു ശ്രീധര്‍, അസോസിയേറ്റ് ഡയകറക്ടര്- ബിജുലാല്‍, നവാസ്അലി, ഷിജു എ. ദാസ്കര്, സംവിധാന സഹായികള്‍- മുസ്തഫ, ജോഫി സബിന്‍, അനീഷ് മോഹന്‍, പ്രൊഡക്്ഷന്‍ എക്സിക്യുട്ടീവ്- സോമന് പെരിന്തല് മണ്ണ, പ്രൊഡക്്ഷന്‍ ഡിസൈനര്‍- ഗിരീഷ് കറുവന്തല.
-എ.എസ്. ദിനേശ്
സ്റ്റില്‍- ഫസല്‍ ആലൂര്






