
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമാണിത്. രാഷ്ട്രീയ-ചലച്ചിത്ര മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധിപ്പേരാണ് വിജയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തുന്നത്.
ഇതിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ വിജയ്ക്ക് ആശംസകൾ നേർന്ന് പങ്കുവെച്ച വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. 'പ്രിയ സഹോദരൻ' എന്നാണ് വിജയിയെ കമൽ ഹാസൻ വിശേഷിപ്പിച്ചത്.
"ബഹുമനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയും, തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റും, കോടിക്കണക്കിന് ഹൃദയങ്ങളുടെ പ്രിയങ്കരനുമായ പ്രിയ സഹോദരൻ വിജയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ," എന്നാണ് കമൽ ഹാസൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
സിനിമയിൽ സൂപ്പർതാരമായി തിളങ്ങിനിൽക്കുമ്പോഴാണ്, 2024 ഫെബ്രുവരി രണ്ടിന് തമിഴക വെട്രി കഴകം (ടി.വി.കെ.) രൂപീകരിച്ച് വിജയ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറ്റിയെഴുതാൻ ടി.വി.കെക്ക് സാധിച്ചു. പാർട്ടി രൂപവത്കരിച്ച് വെറും രണ്ടു വർഷത്തിനുള്ളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് വൻവിജയം നേടിയ വിജയ്, കഴിഞ്ഞ മേയ് പത്തിനാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്.






