
സഹനായിക, സഹോദരി വേഷങ്ങള്‍ ചെയ്ത് മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. അടുത്തിടെ താരം വാര്‍ത്തകളില്‍ നിറയുന്നത് ‘അമ്മ’യിലെ ചില പൊട്ടിത്തെറികളിലൂടെയാണ്. അന്‍സിബയുമായി ബന്ധപ്പെട്ടുള്ള പല വിവാദങ്ങളിലും ലക്ഷ്മിപ്രിയയുടെ പേര് കേള്‍ക്കുന്നുണ്ട്. ഇതിനൊക്കെയുള്ള മറുപടികള്‍ സോഷ്യല്‍ മീഡിയയിലൂ ലക്ഷ്മിപ്രിയ തുറന്നു പറയാറുമുണ്ട്. ഇക്കഴിഞ്ഞ ദിവസം സിനിമയിൽ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാന്മാര്‍ എന്നൊരു പ്രയോഗം ലക്ഷ്മിപ്രിയ കുറിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് വിശദീകരണം കുറിക്കുകയാണ് ലക്ഷ്മിപ്രിയ. മുൻപ് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാൻമാർ എന്നൊരു പ്രയോഗം ലക്ഷ്മിപ്രിയ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. താൻ ഉദ്ദേശിച്ചത് പരദൂഷണക്കാരായ രണ്ട് യൂട്യൂബർമാരെയാണെന്നും അവർ നടൻമാരല്ലെന്നുമാണ് ലക്ഷ്മിപ്രിയ കുറിച്ചത്.
‘‘നേരത്തേ ഇട്ട പോസ്റ്റിൽ അവ്യക്തത ഉണ്ട് എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചിരിക്കുന്നതിനാൽ തിരുത്തുവാൻ ആണ് ഈ പോസ്റ്റ്. ‘മുമ്പ് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാൻ മാർ’ എന്ന പ്രയോഗം അവ്യക്തമാണ് എന്ന് മനസിലാക്കുന്നു. അവർ രണ്ട് പരദൂഷണക്കാരായ യൂട്യൂബർമാരാണ്. നടന്മാരല്ല. രണ്ടു പേരും സിനിമാ ചരിത്രം പറയും. മരിച്ചു പോയവർ എന്നോ ജീവിച്ചിരിക്കുന്നവർ എന്നോ വ്യത്യാസമില്ലാതെ ആരെയും പറ്റി പറയും. കൂടുതലും സ്ത്രീകളെപ്പറ്റിയാണ്. ഇക്കിളി കഥകൾ ആണ് കൂടുതൽ താല്പ്പര്യം. പണ്ടത്തെ ചില മഞ്ഞ മാസികകളെപ്പോലെ. ഒരാൾ അവകാശപ്പെടുന്നത് സിൽക്ക് സ്മിത മരിച്ചു കിടന്നപ്പോൾ മോർച്ചറിയിൽ നഗ്നത മറയ്ക്കാനുള്ള തുണി വാങ്ങി കൊടുത്തത് പോലും അദ്ദേഹമാണ് എന്നൊക്കെയാണ്.
പിന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ സിനിമാ വിശേഷങ്ങളും അധികം പേരും മൺ മറഞ്ഞു പോയവരും ഒക്കെ ആകുമ്പോ ശരിയാവാം എന്ന ഒരു തോന്നൽ നമുക്കും വരും. നേരിട്ട് കണ്ട ദൃക്‌സാക്ഷി വിവരണം പോലെയാണ് പറച്ചിൽ. ഇവരെല്ലാം ജോലി ചെയ്തു തന്നെ ജീവിക്കണം. അതുകൊണ്ട് ഇതുപോലെയുള്ള യൂട്യൂബർമാരെ നിരോധിക്കും വരെ ഞാൻ പോരാടും. കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്ത കേസ് ഒരു തുടക്കം മാത്രമാണ്. യൂട്യൂബിനും സെൻസറിങ് വേണം. എത്രയോ നല്ല വീഡിയോസ് ചെയ്യുന്ന ആളുകൾ ഉണ്ട്? കോഴിക്കോട് ഉള്ള ഒരു ഉമ്മയുണ്ട്. ആളുകളെ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഉമ്മ. നല്ല ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കുന്നവർ, ഡാൻസ്, പാട്ട്, നാട്ടു വൈദ്യം അങ്ങനെ എത്ര എത്ര പേരുണ്ട്? അതൊന്നും ചെയ്യാതെ പരദൂഷണ വീഡിയോ ചെയ്യുന്നവരെ പൂട്ടുക തന്നെ ചെയ്യും...’’ എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്.
വിശദീകരണ പോസ്റ്റില്‍ പക്ഷേ താന്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് മുതുവാൻമാർ എന്ന് ലക്ഷ്മിപ്രിയ വിശേഷിപ്പിക്കുന്ന രണ്ടു പേർ ആരൊക്കെ എന്ന നിലയിലാണ് ചര്‍ച്ചകള്‍ നിറയുന്നത്. യൂട്യൂബിൽ നിരന്തരം വിവാദ വീഡിയോകൾ ചെയ്യുന്ന ആലപ്പി അഷ്റഫ്, ശാന്തിവിള ദിനേശ് എന്നിവരെയാണ് താരം ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകള്‍.
ഇതിനു പിന്നാലെ ‘അമ്മ’യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച വിവരവും ലക്ഷ്മിപ്രിയ പങ്കുവച്ചിട്ടുണ്ട്. സംഭവ ബഹുലമായ അമ്മയിലെ കൂട്ട രാജിക്ക് പിന്നാലെയാണ് അമ്മയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലൂടെ തന്റെ രാജി ലക്ഷ്മിപ്രിയ പ്രഖ്യാപിച്ചത്. നീണ്ട കുറിപ്പോടെയാണ് രാജി.
തനിക്ക് അമ്മയുടെ പെൻഷനോ റീത്തോ വേണ്ടെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. തന്‍റെ രാജി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവർ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ ശവം കാണാൻ പോലും വരരുതെന്നും കുറിപ്പിൽ ലക്ഷ്മി പ്രിയ പറഞ്ഞു. തന്നെ സ്നേഹിക്കുന്ന ചിലരുണ്ട്. അവരൊഴിച്ച് മറ്റാരും ഈ പടികടന്ന് വരരുത്. 60 വയസുവരെ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ വേണ്ട. ഇൻഷുറൻസ് വേണ്ട, അനുശോചനം ഒട്ടുമേ വേണ്ട എന്നും ലക്ഷ്മി പ്രിയ രാജി കത്തിൽ പറയുന്നു.






