മകൾ ജനിച്ച ശേഷമുള്ള ആദ്യ ഫാദേഴ്‌സ് ഡേ; സിദ്ധര്‍ഥിന് ഹൃദയം തൊടുന്ന കുറിപ്പുമായി കിയാര അദ്വാനി
Authored by Web Desk | Last updated: 22 Jun 2026, 10:28 AM | 1 min read
photo-www.instagram.com/kiaraaliaadvani/
ബോളിവുഡ് താരദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും കിയാര അദ്വാനിക്കും ഈ വർഷത്തെ ഫാദേഴ്‌സ് ഡേ ഏറെ സവിശേഷമാണ്. കാരണം മകൾ ജനിച്ചതിനു ശേഷം സിദ്ധാർത്ഥ് അച്ഛനെന്ന നിലയിൽ ആഘോഷിക്കുന്ന ആദ്യത്തെ ഫാദേഴ്‌സ് ഡേ ആയിരുന്നു ഇത്. ഈ പ്രത്യേക ദിനത്തിൽ തന്റെ ഭർത്താവ് സിദ്ധാർത്ഥ്, സ്വന്തം പിതാവ്, അന്തരിച്ച ഭർതൃപിതാവ് എന്നിവർക്കായി കിയാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
മാമ്പഴക്കഷ്ണങ്ങൾ കൊണ്ട് 'DAD' എന്ന് എഴുതി അലങ്കരിച്ച പാൻകേക്കിന്റെ ചിത്രം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു കിയാരയുടെ ആശംസ. "എന്റെ കുട്ടിയുടെ അച്ഛനും, എന്റെ പപ്പയ്ക്കും, സ്വർഗ്ഗത്തിലിരുന്ന് ഞങ്ങളെ അനുഗ്രഹിക്കുന്ന ഞങ്ങളുടെ ഡാഡിക്കും പിതൃദിനാശംസകൾ" എന്നായിരുന്നു ചിത്രത്തോടൊപ്പം കിയാര കുറിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് സിദ്ധാർത്ഥിനും കിയാരയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ ചെറിയ പാദങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് 'സരായ മൽഹോത്ര' എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നതെന്ന് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. "ഞങ്ങളുടെ പ്രാർത്ഥനകളിൽ നിന്ന് ഞങ്ങളുടെ കൈകളിലേക്ക് ഞങ്ങൾക്ക് ലഭിച്ച ദിവ്യാനുഗ്രഹം, ഞങ്ങളുടെ രാജകുമാരി" എന്നാണ് ചിത്രത്തിനൊപ്പം ഇരുവരും കുറിച്ചത്.
മകൾ ജനിച്ചതു മുതൽ അവളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലോ മാധ്യമങ്ങളിലോ വരാതിരിക്കാൻ താരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇതുവരെ അവർ പുറത്തുവിട്ടിട്ടില്ല. കുഞ്ഞിന്റെ ചിത്രങ്ങൾ പകർത്തരുതെന്ന് പാപ്പരാസികളോടും മാധ്യമ ഫോട്ടോഗ്രാഫർമാരോടും ഇരുവരും അഭ്യർത്ഥിച്ചിട്ടുമുണ്ട്.
2023 ഫെബ്രുവരി 7-നായിരുന്നു കിയാരയും സിദ്ധാർത്ഥും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗഡ് പാലസിലായിരുന്നു ഇവരുടെ ആഡംബര വിവാഹം. നിലവിൽ സിനിമയിൽ സജീവമാണ് ഇരുവരും.
കന്നഡ സൂപ്പർ താരം യാഷിനൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്' ആണ് കിയാരയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തും. തമന്ന ഭാട്ടിയക്കൊപ്പം അഭിനയിക്കുന്ന 'വൻ: ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്' എന്ന ചിത്രമാണ് സിദ്ധാർത്ഥിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.