
വീട്ടുജോലികളുമായി ബന്ധപ്പെട്ട ലിംഗവിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര. പാചകവും വീട് വൃത്തിയാക്കലുമൊന്നും സ്ത്രീകളുടെ മാത്രം ജോലിയായി കാണരുതെന്നും ഇത്തരം കാര്യങ്ങള്‍ ജീവിതത്തിന് അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കഴിവുകളാണെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. വീട്ടുജോലികളെ ലിംഗഭേദവുമായി ബന്ധിപ്പിക്കരുതെന്നും അവര്‍ വ്യക്തമാക്കി. കാന്‍ ലയണ്‍സില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
പല വീടുകളിലും പാചകം, വൃത്തിയാക്കല്‍, മറ്റ് ഗൃഹഭരണ ചുമതലകള്‍ എന്നിവ ഇപ്പോഴും സ്ത്രീകളുടെ ജോലിയായിട്ടാണ് വലിയൊരു വിഭാഗം ആളുകള്‍ കാണുന്നതെന്ന് താരം ചൂണ്ടിക്കാട്ടി. '' വൃത്തിയാക്കലും പാചകവുമൊന്നും സ്ത്രീകളുടെ മാത്രം പണിയല്ല. അതൊക്കെ മുതിര്‍ന്ന ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ്. നിങ്ങളുടെ മടിയെ ലിംഗഭേദത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കരുത്'', താരം പറഞ്ഞു.
സിനിമയിലെയും കഥപറച്ചിലിലെയും ആഗോളതലത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ഹോളിവുഡ് ഹൊറര്‍ ചിത്രമായ ' ഒബ്സെഷന്റെ' വിജയം ചൂണ്ടിക്കാണിച്ച താരം, സാങ്കേതികവിദ്യയുടെ വളര്‍ച്ച, സിനിമ നിര്‍മ്മാണം കൂടുതല്‍ എളുപ്പമാക്കിയെന്നും, ഇത് കൂടുതല്‍ ആളുകള്‍ക്ക് അവരുടെ കഥകള്‍ പറയാന്‍ അവസരമൊരുക്കുന്നുവെന്നും വ്യക്തമാക്കി.
"മുൻപൊക്കെ നിങ്ങൾക്ക് സിനിമയിലേക്ക് വരണമെന്നുണ്ടെങ്കിൽ, ഏത് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കണം എന്ന് കൃത്യമായി പ്ലാൻ ചെയ്യണമായിരുന്നു.
അക്കാലത്ത് സിനിമാ വ്യവസായത്തിലേക്ക് പ്രവേശിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും ആശയമുണ്ടെന്ന് തോന്നിയാൽ അത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇടാം. ഒരു കലാകാരനാകാനും വിനോദ വ്യവസായത്തിന്റെ ഭാഗമാകാനും ഇതിനേക്കാൾ മികച്ച മറ്റൊരു സമയമില്ല".- പ്രിയങ്ക ചോപ്ര പറഞ്ഞു.





