
അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ഭാഗ്യരാജ് ആഗ്രഹിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലും അദ്ദേഹം ആഗ്രഹിച്ച കാര്യം നിറവേറ്റാന്‍ കുടുംബം കരുതലോടെ നിന്നു. ഭാഗ്യരാജിന്റെ ഭൗതികദേഹം സൂക്ഷിച്ചിരുന്ന ചെന്നൈയിലെ വീട്ടിലെത്തിയാണ് ഡോക്ടര്‍മാര്‍ നേത്രദാനത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍മാരുടെ സംഘം താരത്തിന്റെ വീട്ടിലെത്തി മടങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സിനിമയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച താരത്തിന്റെ കണ്ണുകൾ രണ്ടു പേരുടെ ജീവിതത്തിൽ വെളിച്ചം പകരുമെന്ന വാർത്ത ആരാധകർ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്. മരണത്തിലും വലിയൊരു മാതൃകയാണ് ഭാഗ്യരാജെന്ന് ആരാധകർ കുറിച്ചു.
ശനിയാഴ്ച രാവിലെ പ്രഭാതനടത്തം കഴിഞ്ഞ് മടങ്ങിവരുന്നതിന് ഇടയിൽ ഹൃദയാഘാതം സംഭവിച്ചാണ് നടൻ അന്തരിച്ചത്. ഉടനെ തന്നെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ് അദ്ദേഹം. ഇരുപത്തിയഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.





