
ഫുക്കറ്റിലെ മനോഹരമായ കടല്‍ത്തീരത്തുനിന്നുളള പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും. തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനാണ് ഇരുവരും തായ്‌ലന്‍ഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിലേക്കെത്തിയത്.
തങ്ങളുടെ അവധിക്കാലത്തെ സുന്ദരനിമിഷങ്ങള്‍ കോര്‍ത്തിണക്കിയുളള നിരവധി ചിത്രങ്ങള്‍ സൊനാക്ഷി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. "ജീവിക്കുക... സ്‌നേഹിക്കുക... ചിരിക്കുക... ഇതിനെയാണ് ജീവിതം എന്ന് വിളിക്കുന്നത്" എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. വെളള വസ്ത്രങ്ങള്‍ ധരിച്ച് കൈകോര്‍ത്തുപിടിച്ച് കടല്‍ത്തീരത്തുകൂടെ നടക്കുന്നതും, സഹീര്‍ സൊനാക്ഷിയുടെ കവിളില്‍ ചുംബിക്കുന്നതും, മനോഹരമായ അന്തരീക്ഷത്തില്‍ ഒരുമിച്ച് റൊമാന്റിക് ഡിന്നര്‍ ആസ്വദിക്കുന്നതുമായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2024 ജൂണ്‍ 23-നായിരുന്നു സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും വിവാഹിതരായത്. മുംബൈയിലെ സൊനാക്ഷിയുടെ വസതിയില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തികച്ചും സ്വകാര്യമായി നടത്തിയ രജിസ്റ്റര്‍ വിവാഹമായിരുന്നു അത്. ഇതിന് പിന്നാലെ സിനിമാ ലോകത്തെ പ്രമുഖര്‍ക്കായി ഗംഭീരമായ ഒരു റിസപ്ഷനും താരദമ്പതികള്‍ ഒരുക്കിയിരുന്നു.





