
ഫുട്ബോൾ കേവലം ഒരു കളി മാത്രമല്ല, മറിച്ച് കോടിക്കണക്കിന് ആളുകളുടെ വികാരമാണെന്ന് തെളിയിക്കുന്ന ഹൃദയസ്പർശിയായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫിഫ ലോകകപ്പിൽ പോർച്ചുഗലും ഉസ്ബെക്കിസ്ഥാനും തമ്മിൽ നടന്ന ആവേശപ്പോരാട്ടത്തിനിടയിലാണ് ലോകത്തെ മുഴുവൻ കണ്ണീരണിയിച്ച ആ അപൂർവ്വ നിമിഷം പിറന്നത്. കണ്ണിന് കാഴ്ചയില്ലാത്ത തന്റെ ഒമ്പത് വയസ്സുകാരനായ മകന് ലോകകപ്പ് മത്സരത്തിന്റെ ആവേശം അതേപടി പകർന്നുനൽകാൻ ഒരു പിതാവ് നടത്തിയ വേറിട്ട ശ്രമമാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്.
ഒരു ഫുട്ബോൾ ടാക്റ്റിക്സ് ബോർഡിന്റെയും സ്വന്തം കൈകളുടെയും സഹായത്തോടെയാണ് ഈ ഇറാനിയൻ സ്വദേശിയായ പിതാവ് മകന് കളിക്കളത്തിലെ ഓരോ ചലനങ്ങളും അനുഭവിച്ചറിയാൻ അവസരമൊരുക്കിയത്. മത്സരത്തിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ മനോഹരമായ ഗോൾ, പിതാവ് ടാക്റ്റിക്സ് ബോർഡിൽ മകന്റെ കൈകൾ ഓരോ പൊസിഷനിലൂടെയും ചലിപ്പിച്ചുകൊണ്ട് വിവരിച്ചു നൽകുകയായിരുന്നു. പന്ത് പാസ് ചെയ്യുന്നതും കളിക്കാർ മുന്നോട്ട് കുതിക്കുന്നതുമെല്ലാം ആ അച്ഛൻ തന്റെ വിരലുകളിലൂടെ മകന് തൊട്ടറിയാൻ പാകത്തിൽ കാണിച്ചുകൊടുത്തു.
റൊണാൾഡോ പന്ത് വലയിലാക്കിയ നിമിഷം ആ പിതാവ് മകന്റെ കൈകൾ വായുവിൽ ഉയർത്തി ഗോൾ എന്ന് ആർത്തുവിളിച്ചപ്പോൾ, ആ കുഞ്ഞിന്റെ മുഖത്തുണ്ടായ നിഷ്കളങ്കമായ സന്തോഷവും ആവേശവും വാക്കുകൾക്ക് അപ്പുറമായിരുന്നു. തന്റെ പ്രിയപ്പെട്ട താരം ഗോൾ അടിക്കുന്നത് നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും, അച്ഛന്റെ സ്പർശനത്തിലൂടെയും വാക്കുകളിലൂടെയും ആ മകൻ ആ ഗോളിന്റെ മുഴുവൻ മാജിക്കും നെഞ്ചിലേറ്റി. പോർച്ചുഗൽ 5-0 ന് വിജയിച്ച ഈ മത്സരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായി മാറിയത് ഈ അച്ഛന്റെയും മകന്റെയും സ്നേഹനിമിഷമാണ്.
ഫുട്ബോൾ ലോകത്തെ പ്രമുഖ പേജുകളിലും എക്സ് പ്ലാറ്റ്ഫോമിലും വൻതോതിൽ പ്രചരിക്കുന്ന ഈ വീഡിയോ കണ്ട് ലക്ഷക്കണക്കിന് ആരാധകരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. "ഇതാണ് യഥാർത്ഥ ഫുട്ബോൾ", "മകനോടുള്ള ഈ അച്ഛന്റെ സ്നേഹത്തിനും ക്ഷമയ്ക്കും മുന്നിൽ മറ്റെല്ലാം ചെറുതാകുന്നു", "ഫുട്ബോൾ എല്ലാവർക്കും ഉള്ളതാണ് എന്ന് ഈ ദൃശ്യം വീണ്ടും ഓർമ്മിപ്പിക്കുന്നു" എന്നിങ്ങനെ വികാരാധീനമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ലോകമെമ്പടുമുള്ള കായികപ്രേമികളുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കൊച്ചു വീഡിയോ.






