
പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഓസ്‌ട്രേലിയയിൽ വച്ച് സ്കൈഡൈവിംഗ് നടത്തിയ ഒരു ഇന്ത്യൻ മുത്തശ്ശന്റെ ഹീറോയിസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. സാധാരണ പ്രായമായവർ സാഹസിക വിനോദങ്ങളിൽ നിന്ന് മാറിനിൽക്കുമ്പോൾ, ആകാശത്തിന്റെ ഉയരങ്ങളിൽ നിന്ന് ഒട്ടും ഭയമില്ലാതെ ചാടിയ ഈ മുത്തശ്ശൻ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ കൊച്ചുമകനാണ് മുത്തശ്ശന്റെ ഈ മാസ്സ് എൻട്രി വീഡിയോ ഇന്റർനെറ്റിൽ പങ്കുവെച്ചത്.
പേടി ആർക്കാണ്?എന്ന മാസ്സ് ഡയലോഗോടെയാണ് ഈ പ്രായത്തിലും അദ്ദേഹം വിമാനത്തിൽ നിന്നും താഴേക്ക് ചാടാൻ തയ്യാറായത്. സാധാരണയായി കൗമാരക്കാരും യുവാക്കളും പോലും സ്കൈഡൈവിംഗ് ചെയ്യാൻ മടിക്കുമ്പോൾ, യാതൊരുവിധ പരിഭ്രമവുമില്ലാതെ പൂർണ്ണ സന്തോഷത്തോടെയാണ് അദ്ദേഹം ആകാശത്തിലൂടെ പറന്നുയർന്നത്. താഴേക്ക് പതിക്കുമ്പോഴും മുഖത്ത് പുഞ്ചിരി മാത്രമായിരുന്ന ഈ മുത്തശ്ശന്റെ ധൈര്യം കാണേണ്ടതുതന്നെയാണ്.
കൊച്ചുമകൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. പ്രായത്തിന്റെ പരിമിതികളെ കാറ്റിൽപ്പറത്തി ജീവിതം പൂർണ്ണമായി ആസ്വദിക്കുന്ന ഇദ്ദേഹത്തിന്റെ മനോഭാവം പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് പലരും കുറിച്ചു. ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കാൻ ഈ ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
"ഇതാണ് യഥാർത്ഥ റോക്ക്സ്റ്റാർ", "മുത്തശ്ശൻ വേറെ ലെവലാണ്", "എനിക്കും ഇതേപോലെ പ്രായമാകുമ്പോൾ ജീവിക്കണം" എന്നിങ്ങനെ ആവേശഭരിതമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ലോകമെമ്പടുമുള്ള കായിക, സാഹസിക പ്രേമികളുടെ ഹൃദയം കവർന്ന് ഈ മുത്തശ്ശന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മുന്നേറുകയാണ്.






