
കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി 10 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ച് പേർക്കും, കോഴിക്കോട് നാല് പേർക്കും, വയനാട്ടിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂൺ മാസത്തിൽ സംസ്ഥാനത്ത് ആകെ 190 പേർക്ക് ഷിഗെല്ല ബാധിക്കുകയും ആറു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ വർഷം ഇതുവരെ 266 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13), ആലപ്പുഴ (5) ജില്ലകളിൽ ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) ജില്ലകളിലും ജൂൺ മാസത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലെ രണ്ട് പേരെ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയതിനെ തുടർന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിൽപ്പെട്ട ഒരാളെയും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിരീക്ഷണ കാലയളവിൽ ഇവർക്കാർക്കും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. രോഗബാധിതന്റെ സഹപ്രവർത്തകരായിരുന്നു ഇവരെല്ലാവരും.






