
' ബാഹുബലി' ക്ക് ശേഷം രണ്ട് മൂന്ന് വര്‍ഷത്തോളം തനിക്ക് ശരിയായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദമേറിയ വര്‍ഷങ്ങളായിരുന്നു അതെന്നും പറഞ്ഞ് നടന്‍ പ്രഭാസ്. ' ബാഹുബലി ദ് ടോര്‍ച്ച്‌ബെയറര്‍' എന്ന ഡോക്യുമെന്ററിയിലാണ് പ്രഭാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാഹുബലിയുടെ പാന്‍- ഇന്ത്യന്‍ വിജയം തെലുങ്ക് സിനിമയുടെ ബിസിനസ്സ് ഒറ്റരാത്രികൊണ്ട് എങ്ങനെ മാറ്റിമറിച്ചുവെന്നും, അടുത്തതായി എന്ത് ചെയ്യണം എന്ന ചിന്ത കാരണം വര്‍ഷങ്ങളോളം താന്‍ ഉറക്കമില്ലായ്മയുമായിപോരാടുകയായിരുന്നുവെന്നും പ്രഭാസ് പറയുന്നു. ബാഹുബലി തന്റെ കരിയറിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് സംസരിക്കവെ, തന്റെ അടുത്ത ചിത്രമായ ' സാഹോ' ഉത്തരേന്ത്യയില്‍ നേടിയ കളക്ഷനെക്കുറിച്ചും പ്രഭാസ് പറഞ്ഞു.
'ബാഹുബലി കാരണം മാത്രമാണ് അത് സംഭവിച്ചത്. അതില്‍ മറ്റൊന്നുമല്ല. ഏതൊരു ഭാഷയുടെയും ആദ്യ ദിനം ബാഹുബലി കാരണം മാത്രമായിരുന്നു. പ്രഭാസ് പറഞ്ഞു. ബാഹുബലിക്ക് ശേഷമുള്ള തന്റെ ചിത്രങ്ങളായ സാഹോ, രാധേ ശ്യാം എന്നിവയുടെ വലിയ ബജറ്റുകള്‍ സാധ്യമായത് ബാഹുബലി സമ്മാനിച്ച സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ട് മാത്രമാണ്.
അതിനുമുന്‍പ് തന്റെ സിനിമകളുടെ ബജറ്റ് വെറും 20 മുതല്‍ 40 കോടി രൂപ വരെ മാത്രമായിരുന്നു. എന്നാല്‍ ബാഹുബലിയുടെ വിജയം തന്നില്‍ അടിച്ചേല്‍പ്പിച്ച ഉത്തരവാദിത്വം ചെറുതായിരുന്നില്ല. ബാഹുബലിക്ക് ശേഷം ഒരു മികച്ച സിനിമ തിരഞ്ഞെടുക്കുക എന്നത് തന്റെ കരിയറിലെ ഏറ്റവും സമ്മര്‍ദ്ദമേറിയ കാലഘട്ടമായിരുന്നു എന്ന് പ്രഭാസ് തുറന്നുപറഞ്ഞു.
'ഇനി അടുത്തത് എന്താണ്? ബാഹുബലി പോലെ വൈകാരികത നിറഞ്ഞ ഒരു ഡ്രാമ വേണോ? അതോ അതിനേക്കാള്‍ വലിയൊരു വിഷ്വല്‍ വണ്ടര്‍ വേണോ എന്നത് ഒരു ചോദ്യ ചിഹ്നമായി. പക്ഷേ അത്തരം സിനിമകള്‍ ചെയ്യാന്‍ രാജമൗലി വേണമായിരുന്നു.' -പ്രഭാസ് പറയുന്നു. ഒടുവില്‍ ഒരു പ്രണയകഥ ചെയ്യാമെന്ന് തീരുമാനിക്കവെ പ്രശാന്ത് നീല്‍, നാഗ് അശ്വിന്‍ തുടങ്ങിയ സംവിധായകരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ഈ അനിശ്ചിതാവസ്ഥ തന്നിലുണ്ടാക്കിയ വ്യക്തിപരമായ ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. 'ബാഹുബലിക്ക് ശേഷം രണ്ട് മൂന്ന് വര്‍ഷത്തേക്ക് എനിക്ക് ശരിയായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. സിനിമയുടെ ഓരോ മേഖലയിലുമുള്ള ഉത്തരവാദിത്വം പെട്ടെന്ന് ആയിരം മടങ്ങായി വര്‍ധിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദമേറിയ വര്‍ഷങ്ങളായിരുന്നു അത്,' പ്രഭാസ് വ്യക്തമാക്കി. എങ്കിലും, ആ കടുത്ത സമ്മര്‍ദ്ദവും ബാഹുബലി എന്ന സിനിമയുമാണ് പിന്നീട് 'കല്‍ക്കി 2898 എഡി', 'സലാര്‍' തുടങ്ങിയ വമ്പന്‍ ചിത്രങ്ങളിലേക്ക് തന്നെ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനും വഴിയൊരുക്കിയത് ബാഹുബലി എന്ന ചിത്രമാണെന്ന് പറഞ്ഞാണ് പ്രഭാസ് വാക്കുകള്‍ അവസാനിപ്പിച്ചത്.





