
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുനഃസംഘടന ഉടന്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മാറ്റമുണ്ടാകുമെന്നു ബി.ജെ.പി. വൃത്തങ്ങള്‍ സൂചന നല്കി. ബി.ജെ.പിയുടെ പുതിയ ഭാരവാഹികളെയും ഉടന്‍ പ്രഖ്യാപിക്കും.
നിതിന്‍ നബിന് അധ്യക്ഷനായതോടെ പാര്‍ട്ടിയില്‍ കൂടുതല്‍ യുവമുഖങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നാണു സൂചന. ഈ പട്ടികയ്ക്ക് അന്തിമ രൂപമായിട്ടുണ്ട്. ചില കേന്ദ്രമന്ത്രിമാരെ സംഘടനാ ചുമതലകളിലേക്കു മടക്കി അയയ്ക്കാനും, പാര്‍ട്ടി ഭാരവാഹികളില്‍ ചിലരെ മോദി മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താനുമുള്ള സാധ്യതകളുണ്ട്.
മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്ന ഊഹാപോഹങ്ങളും ശക്തമാണ്. പ്രത്യേകിച്ച് നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും സി.ബി.എസ്.ഇ ഡിജിറ്റല്‍ മാര്‍ക്കിങ് രീതിയിലെ ക്രമക്കേടുകളും ഉള്‍പ്പെടെ തന്റെ മന്ത്രാലയത്തിനു കീഴിലുണ്ടായ തുടര്‍ച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ മന്ത്രിസ്ഥാനം അനിശ്ചിതത്വത്തിലാണ്.
പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ കൂടി കണക്കിലെടുത്തായിരിക്കും മന്ത്രിസഭാ പുനഃസംഘടനയുടെ തീയതി നിശ്ചയിക്കുക. ജൂലൈ 6 നും 11 നും ഇടയില്‍ അദ്ദേഹം ഇന്തോനീഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചേക്കും. ഇതിനിടയില്‍ നാളെ മുതല്‍ 3 വരെ ജപ്പാന് പ്രധാനമന്ത്രി സനായ് താകൈച്ചി ഡല്‍ഹിയിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ പങ്കജ് ചൗധരിക്ക് ഉത്തര്‍പ്രദേശിന്റെയും, ഹര്‍ഷ് മല്‍ഹോത്രയ്ക്ക് ഡല്‍ഹിയുടെയും പാര്‍ട്ടി അധ്യക്ഷ ചുമതലകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.
ബി.ജെ.പിയുടെ 'ഒരാള്‍ക്ക് ഒരു പദവി' എന്ന നയം കര്‍ശനമായി നടപ്പാക്കുകയാണെങ്കില്‍ ഇവര്‍ക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. ജോര്‍ജ് കുര്യന്, രവ്നീത് സിങ് ബിട്ടു എന്നിവരെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും നാമനിര്‍ദേശം ചെയ്തിരുന്നില്ല. ഇവരുടെ രാജ്യസഭാ കാലാവധി ജൂണ്‍ 21ന് അവസാനിച്ചു. ജോര്‍ജ് കുര്യന് മന്ത്രിസ്ഥാനം രാജിവച്ചു, ബിട്ടു മന്ത്രിയായി തുടരുകയാണ്.
വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം. കോണ്‍ഗ്രസ് മുന്‍ നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊച്ചുമകനുമായ ബിട്ടു, പഞ്ചാബിലെ സ്വാധീനമുള്ള ജാട്ട് സിഖ് വിഭാഗത്തിന്റെ പ്രമുഖ മുഖമാണ്. യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചേക്കും. അടുത്ത വര്‍ഷമാണ് ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്.
പശ്ചിമ ബംഗാളില്‍ ബി.ജെ.പി നേടിയ വന്‍ വിജയത്തിനു പിന്നാലെ, അവിടെ നിന്നുള്ള ചില എം.പിമാരെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കാം. തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (യു.ബി.ടി) എന്നീ പാര്‍ട്ടികളില്‍നിന്ന് വിമതരായി വന്ന ചില പ്രതിനിധികള്‍ക്കും മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. വിമതരായ 20 തൃണമൂല്‍ എംപിമാര്‍ പശ്ചിമ ബംഗാള്‍ കേന്ദ്രമായുള്ള നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ലയിക്കുകയും ഭരണകക്ഷിയായ എന്‍.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ശിവസേനയിലെ (യു.ബി.ടി) ആറ് വിമത എം.പിമാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു. ഷിന്‍ഡെ പക്ഷത്തു നിന്നുള്ള ഒരു മുതിര്‍ന്ന നേതാവിന് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എം.പിമാരില്‍ ഒന്നോ രണ്ടോ പേരും മന്ത്രിസഭയിലെത്തിയേക്കാം. എങ്കിലും, കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ വിമത എം.പിമാരെ അയോഗ്യരാക്കണമെന്ന് മാതൃപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍, ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കൂറുമാറ്റം സംബന്ധിച്ച തീരുമാനത്തെ ആശ്രയിച്ചിരിക്കും.
ജൂണ്‍ 23ന് പദ്മ പുരസ്കാര ചടങ്ങിനിടെ പ്രധാനമന്ത്രി മോദി രാഷ്ട്രപതി ഭവനില്‍വച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചതോടെയാണു പുനഃസംഘടന ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ബി.എല്‍. വര്‍മ്മ എന്നിവരുടെ രാജ്യസഭാ കാലാവധി നവംബറില്‍ അവസാനിക്കും.
ഇവരെ വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്. ഗവര്‍ണര്‍മാരായ താവര്‍ ചന്ദ് ഗെലോട്ട് (കര്‍ണാടക), മംഗുഭായ് പട്ടേല്‍ (മധ്യപ്രദേശ്), ലഫ്. ജനറല്‍ ഗുര്‍മീത് സിങ് (ഉത്തരാഖണ്ഡ്) എന്നിവരുടെ കാലാവധിയും അടുത്ത മാസങ്ങളില്‍ അവസാനിക്കും. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന ചിലര്‍ക്ക് ഗവര്‍ണര്‍ പദവികള്‍ നല്‍കാനും സാധ്യതയുണ്ട്.






