
താന്‍ ഹിന്ദു മതത്തിലേക്ക് മാറിയെന്നും പേര് റീത്ത ഭരദ്വാജ് എന്ന് മാറ്റിയെന്നുമുളള പ്രചാരണങ്ങള്‍ നിഷേധിച്ച് നടി ഉര്‍ഫി ജാവേദ്. ഒരു യൂട്യൂബറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്തതവരുത്തി താരം രംഗത്തെത്തിയത്. വീഡിയോയില്‍ തന്റെ വസ്ത്രധാരണത്തെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ക്ക് നടി രൂക്ഷമായ മറുപടി നല്കി. വിശദീകരണത്തിന് ശേഷവും യൂട്യൂബര്‍ തനിക്ക് മോശം സന്ദേശം അയച്ചുവെന്നും ഉര്‍ഫി പറഞ്ഞു.
മീത ചൗധരി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് ഉര്‍ഫിക്കെതിരെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വീഡിയോ നീക്കം ചെയ്തു. ഈ വീഡിയോയിലാണ് വിശദീകരണവുമായി ഉര്‍ഫി രംഗത്തെത്തിയത്. താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും, മീത ചൗധരി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.
അര്‍ധനഗ്നമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ മാത്രമാണ് ഉര്‍ഫി അറിയപ്പെടുന്നത് എന്ന് പ്രചരിച്ച വീഡിയോയില്‍ മീത ചൗധരി പറയുന്നു. അര്‍ധനഗ്നമായ രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതല്ലാതെ പ്രശസ്തിക്കായി അവര്‍ മറ്റൊന്നും ചെയ്യുന്നില്ല. മുസ്ലീമായിരുന്ന ഉര്‍ഫി ഇപ്പോള്‍ തന്റെ പേര് റീത്ത ഭരദ്വാജ് എന്ന് മാറ്റിയതായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനര്‍ഥം അവര്‍ മതം മാറി എന്നാണ്. അവര്‍ മുസ്ലീമില്‍ നിന്ന് ഹിന്ദുവായി മാറി എന്ന് വീഡിയോയില്‍ മീത ചൗധരി ആരോപിച്ചു. കൂടാതെ ഉര്‍ഫി കുറച്ച് ലജ്ജയും മര്യാദയും കാണിക്കണമെന്നും വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇങ്ങനെയുളള വിവരദോഷികളാണ് സ്വയം മാധ്യമപ്രവര്‍ത്തകര്‍ എന്ന് വിളിക്കുന്നത്. ആന്റി ദയവായി കുറച്ച് ഹോംവര്‍ക്ക് ചെയ്യൂ. ഞാന്‍ എന്റെ പേരോ മതമോ മാറ്റിയിട്ടില്ല. ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല, ഈ വീഡിയോയ്ക്ക് മറുപടിയായി ഉര്‍ഫി കുറിച്ചു.
ഞാന്‍ വസ്ത്രങ്ങളില്‍ മാത്രമല്ല, വാക്കുകളിലും തുറന്നടിക്കുന്ന ആളാണ്. എന്നാല്‍ ഇന്ന് അതിനുളള മൂഡില്ല. ഞാന്‍ എത്ര ഷോകള്‍ ചെയ്തിട്ടുണ്ടെന്ന് ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ. നിങ്ങളുടെ മോശം മേക്കപ്പും ജേണലിസവും കണ്ട് എനിക്ക് ലജ്ജ തോന്നുന്നു. കുറ്റം പറയണമെങ്കില്‍ ധൈര്യമായി പറഞ്ഞോളൂ, പക്ഷേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. കാരണം എനിക്ക് നിങ്ങളോട് അങ്ങനെ ചെയ്യാന്‍ കഴിയില്ല, അതിന് ആര്‍ക്കും താല്പര്യവുമില്ല, ആന്റി ജീ താരം കൂട്ടിച്ചേര്‍ത്തു.
പിന്നാലെ മീത ചൗധരി തനിക്ക് അയച്ച സന്ദേശങ്ങളും ഉര്‍ഫി പങ്കുവെച്ചു. ആന്റിക്ക് ദേഷ്യം വന്നിട്ടുണ്ടെന്ന് ഉര്‍ഫി പരിഹസിച്ചു. പുറത്തുവിടാന്‍ കഴിയാത്ത തരത്തിലുളള അങ്ങേയറ്റം വേദനിപ്പിക്കുന്ന സന്ദേശങ്ങള്‍ അയച്ചെന്നും, തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്തെന്നും ഉര്‍ഫി കൂട്ടിച്ചേര്‍ത്തു.






