
ആര്‍ത്തവവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെ വിശദീകരണവുമായി നടി സീമ ജി നായര്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാനലിന് നല്കിയ അഭിമുഖത്തിലെ ഭാഗമാണ് അടുത്തിടെ വൈറലായത്.
ഇന്നത്തെ കാലത്ത് ആർത്തവം ആയിക്കഴിഞ്ഞാൽ പെൺകുട്ടികൾക്ക് ഭയങ്കര പ്രശ്നങ്ങളും അയ്യോ പൊത്തോ വിളികളുമാണെന്നും പിരീഡ്സിന്റെ വേദന സഹിക്കാൻ കഴിയാത്ത കുട്ടികൾ എങ്ങനെയാണ് പ്രസവിക്കുക എന്ന് ഓർത്തിട്ടുണ്ട് എന്നാണ് സീമ ജി നായർ പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സീമ ജി നായരുടെ വിശദീകരണം.
സീമ ജി നായരുടെ വാക്കുകള്‍:
രണ്ടു ദിവസമായി ഇങ്ങോട്ടൊന്നു വന്നിട്ട്, ഇന്ന് രാവിലെ വരണം എന്ന് വിചാരിച്ചു പക്ഷെ നടന്നില്ല. ഇനി കാര്യത്തിലേക്കു കടക്കാം, ഞാൻ രണ്ടുമൂന്നു വർഷങ്ങൾക്കു മുന്നേ ഒരു ചാനലിൽ ഒരു ഇന്റർവ്യൂ കൊടുത്തു, അതൊരു ഹോം ടൂർ പോലത്തെ പ്രോഗ്രാം ആയിരുന്നു,
അതിൽ എന്റെ അഭിനയ ജീവിതത്തെകുറിച്ചും, അനുഭവിച്ച കഷ്ടപ്പാടുകളെകുറിച്ചും പറഞ്ഞു, എന്റെ അമ്മയിൽ നിന്നാണ് സഹനം പഠിച്ചതെന്നുമൊക്കെ, അമ്മയുടെ അസുഖം, ഓപ്പറേഷൻ, അത് കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വരുമ്പോൾ നാടക സ്റ്റേജിൽ കയറേണ്ടി വന്നുവെന്നും, ചോരയൊലിക്കുന്ന മാറിടത്തോടെ അമ്മ സ്റ്റേജിൽ കയറിയെന്നും, അത് അമ്മ ജോലി ചെയ്ത പ്രസ്ഥാനത്തോടുള്ള കൂറാണെന്നുമൊക്കെ,എനിക്കു വയ്യാതെ വന്നപ്പോൾ ഞാൻ അഭിനയിക്കേണ്ടി വന്നകാര്യവുമൊക്കെ പ്രതിപാദിച്ചിരുന്നു.
ഞാൻ ഉദ്ദേശ്ശിച്ചത് എത്ര വേദനകൾ സഹിച്ചും, കഷ്ടപാടുകൾ സഹിച്ചും നിന്നതിനെക്കുറിച്ചായിരുന്നു, അതിന്റെ കൂടെ (ഇപ്പോൾ ഒരു പീരീഡ്സ് വന്നാൽ പോലും താങ്ങാൻ പറ്റാത്ത കുട്ടികൾ ആണെന്നും, ഇവർ എങ്ങനെ പ്രസവ വേദന സഹിക്കുമെന്നും ചോദിച്ചു ). ഞാൻ എന്ത് കൊണ്ട് ആ വാക്കുകൾ പറഞ്ഞു, അതിനു മുന്നേയും, പിന്നെയും എന്തുകൊണ്ട് അത് പറഞ്ഞു എന്ന് നോക്കാതെ, ചില വാക്കുകൾ കട്ട് ചെയ്ത് ആ ചാനെൽ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടു, കുറെ നാളുകൾക്കു മുന്നേ ഈ വിഷയം ഇവിടുത്തെ സംസാരം അല്ലായിരുന്നു, സംസാരം ആയി വന്നപ്പോൾ ഞാൻ എന്ത് കാരണത്താൽ അത് പറഞ്ഞു എന്ന് ക്ലിയർ ആക്കാതെ അത് മാത്രം എടുത്തിട്ട ചാനലിനെ ഞാൻ അഭിനന്ദിക്കുന്നു.
ഇപ്പോൾ “തെറി ”കൊണ്ട് അഭിക്ഷേകം ആണ്. എന്റെ സ്റ്റേറ്റ്മെന്റ് തെറ്റാണെന്നും പറഞ്ഞ്. ഇനി മൂന്നു വർഷം മുന്നേയും വായ തുറക്കരുത്, മൂന്നു വർഷം കഴിഞ്ഞും തുറക്കരുത്. അനുഭവം ഗുരു ഒരു ഇന്റർവ്യും കൊടുക്കാതെ എവിടെയേലും ഇരുന്നാൽ അത്രയും നല്ലത്.






