
ഒരു വിമാനത്താവളത്തിലെ ബാഗേജ് ചെക്ക്-ഇൻ കൗണ്ടറിൽ വെച്ച് നടന്ന ഒരു മനോഹരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത്. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇൻഡിഗോ എയർലൈൻസ് ജീവനക്കാരനായ അഫ്സല് എന്ന യുവാവിന്റെ സേവനത്തെ പ്രശംസിച്ച് അമൻ സിംഗ് എന്ന യാത്രക്കാരന് പങ്കുവച്ച വീഡിയോയാണിത്. സംസാരിക്കാൻ സാധിക്കില്ലെങ്കിലും വളരെ കൃത്യമായും മനോഹരമായ പുഞ്ചിരിയോടെയും അദ്ദേഹം യാത്രക്കാരനെ സഹായിച്ചതാണ് ഏറെ ശ്രദ്ധ നേടുന്നത്.
അഫ്സലിന്റെ സേവനത്തെക്കുറിച്ച് അമൻ സിംഗ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഇങ്ങനെ പറയുന്നു: "ആശയവിനിമയം വെറും വാക്കുകളിലൂടെ മാത്രമല്ല എന്ന് അഫ്സൽ എനിക്ക് കാണിച്ചുതന്നു. പലപ്പോഴും കേൾക്കാനും സംസാരിക്കാനും കഴിയുന്നവർ പോലും ചെയ്യുന്നതിനേക്കാൾ മികച്ച രീതിയിലാണ് അദ്ദേഹം എന്നെ സഹായിച്ചത്." താൻ ഈ സംഭവം കണ്ട് ഏറെ പ്രചോദിതനായെന്നും, അഫ്സലിന്റെ ആത്മാർത്ഥമായ പ്രവർത്തനം തന്റെ ദിവസം മനോഹരമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എനിക്ക് കേൾക്കാനോ സംസാരിക്കാനോ കഴിയില്ല, എന്നാൽ നിങ്ങളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ' എന്ന് എഴുതിയ ബാഡ്ജ് അണിഞ്ഞാണ് അഫ്സൽ ജോലി ചെയ്തിരുന്നത്. ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്ന ഇൻഡിഗോ എയർലൈൻസിന്റെ നടപടിയെ നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഉൾക്കൊള്ളൽ തൊഴിലിടങ്ങളിൽ അനിവാര്യമാണെന്നും, അഫ്സലിനെപ്പോലെ എപ്പോഴും ചിരിച്ചുകൊണ്ട് സേവനം ചെയ്യുന്ന ജീവനക്കാർക്ക് വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിച്ചു.






