
തനിക്കും സഹോദരിക്കും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി കന്നഡ നടി ദിവ്യ സുരേഷ്. ബെംഗളൂരുവിലെ കനകപുര റോഡ് ഭാഗത്തുവെച്ചായിരുന്നു നടിക്കും സഹോദരിക്കും മോശം അനുഭവം ഉണ്ടായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11:30 ഓടെയായിരുന്നു സംഭവം നടന്നത്.
ദിവ്യയും സഹോദരിയും തങ്ങളുടെ കാറിനടുത്തേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം. രാത്രി ഒരു അപരിചിതൻ ഇരുവരേയും പിന്തുടരുകയായിരുന്നു. ഇയാൾ ഇരുവരുടെയും അടുത്തേക്ക് വരികയും മോശമായി പെരുമാറുകയും അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ചോദ്യം ചെയ്തെങ്കിലും അയാൾ പിന്മാറാൻ തയ്യാറായില്ല.
ഭയന്നുപോയ തങ്ങൾ കാറിനുള്ളിൽ കയറി. എന്നാൽ കാറിനകത്ത് കയറിയ ശേഷവും അയാൾ പിന്മാറാൻ തയ്യാറായില്ല. കാറിന് ചുറ്റും കറങ്ങിനടന്നുകൊണ്ട് അയാൾ ഭീഷണിപ്പെടുത്തുകയും വൃത്തികെട്ട ആംഗ്യം കാണിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ശബ്ദമുണ്ടാക്കിയതോടെ ആളുകൾ കൂടുകയും ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നുവെന്ന് ദിവ്യ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ തൻ്റെ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ ഒപ്പമുണ്ടായിരുന്ന ബന്ധു പോലീസിനെ വിളിക്കാൻ പറയുന്നത് കാണാം. അതിക്രമിയുടെ മോശം പെരുമാറ്റം ചൂണ്ടിക്കാണിക്കുന്നതും വീഡിയോയിലുണ്ട്. രാത്രി പുറത്തിറങ്ങിയെന്ന കാരണത്താൽ ഒരു സ്ത്രീയും ഇത്തരം അതിക്രമങ്ങൾ അനുഭവിക്കേണ്ടി വരരുതെന്ന് ദിവ്യ പറഞ്ഞു.
നിരന്തരം വാഗ്ദാനം ചെയ്യപ്പെടുന്ന സ്ത്രീസുരക്ഷ എവിടെയെന്നും ദിവ്യ ചോദിക്കുന്നു. ദിവ്യ പങ്കുവെച്ച കുറിപ്പും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ബിഗ് ബോസ് കന്നഡ സീസൺ 8-ലെ മത്സരാർത്ഥിയായിരുന്നു ദിവ്യ സുരേഷ്. 'നന്നാ ഹെന്തി എംബിബിഎസ്', 'ജോഡി ഹക്കീ' എന്നീ കന്നഡ സീരിയലുകളിലൂടെയും അവർ പ്രശസ്തയാണ്. കന്നഡ ചിത്രമായ #9, ഹിൽട്ടൺ ക്രോസ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ചു. റോഡി ബേബി, കംപു ഹലാദി ഹസിരു, ഹിരണ്യ എന്നിവ അവരുടെ മറ്റ് ചിത്രങ്ങളാണ്.






