അമ്മയാകാനൊരുങ്ങി നടി സാമന്ത; ബേബി ബംപ് ചിത്രം പങ്കുവെച്ച് താരം
അമ്മയാകാനൊരുങ്ങി നടി സാമന്ത; ബേബി ബംപ് ചിത്രം പങ്കുവെച്ച് താരം
Authored by Web Desk | Last updated: 01 Jul 2026, 10:53 AM | 1 min read
photo-www.instagram.com/samantharuthprabhuoffl/
അമ്മയാകാനൊരുങ്ങുകയാണ് തെന്നിന്ത്യൻ പ്രിയതാരം സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് തന്റെ ഗർഭകാല ചിത്രം ആരാധകർക്കായി പങ്കുവെച്ചത്. മുകളിൽ നിന്നുള്ള ആംഗിളിൽ എടുത്ത ചിത്രത്തിൽ ഒരു വലിയ തലയിണ കൊണ്ട് വയറ് മറച്ചുവെച്ചിരിക്കുകയാണെങ്കിലും ബേബി ബംപ് വ്യക്തമായി കാണാം. "എന്റെ സിക്സ് പാക്ക്. ഞാൻ നിന്നെ കാണുമ്പോൾ കാണാം," എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.
താനും ഭർത്താവും സംവിധായകനുമായ രാജ് നിഡിമോരുവും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണെന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സാമന്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ വർഷം ഡിസംബറോടെ താരം കുഞ്ഞിന് ജന്മം നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം തന്റെ ഏറ്റവും പുതിയ ചിത്രമായ 'മാ ഇന്റി ബംഗാരം' എന്ന സിനിമയുടെ വിജയത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ താൻ താൽക്കാലികമായി സിനിമയിൽ നിന്നും ഇടവേളയെടുക്കുന്ന കാര്യം സാമന്ത മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. പ്രസവാവധിക്ക് ശേഷമുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ചും താരം ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു.
"മാ ഇന്റി ബംഗാരത്തിന് ശേഷം എന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് എനിക്ക് ചെറിയൊരു ഇടവേള എടുക്കേണ്ടി വരും. പ്രസവാവധിക്ക് ശേഷം ആരാധകർക്കായി കൂടുതൽ കരുത്തോടെ ഞാൻ സിനിമയിലേക്ക് തിരിച്ചെത്തും," സാമന്ത പറഞ്ഞു.
'മാ ഇന്റി ബംഗാരം' എന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിൽ ശരീരത്തോട് ഒട്ടിനിൽക്കുന്ന വെള്ള ബോഡികോൺ ടോപ്പും ജീൻസും ധരിച്ചെത്തിയ സാമന്തയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് താരം ഗർഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഇതിന് പിന്നാലെയാണ് താരം തന്നെ വാർത്ത സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സാമന്തയും സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായത്. ആമസോൺ പ്രൈം വീഡിയോയുടെ സൂപ്പർഹിറ്റ് പരമ്പരയായ 'ദി ഫാമിലി മാൻ 2' എന്ന സീരീസിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സീരീസിൽ സാമന്ത അവതരിപ്പിച്ച രാജി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടി സാമന്തയുടെ രണ്ടാം വിവാഹമാണിത്. പ്രമുഖ തെലുങ്ക് നടൻ നാഗചൈതന്യയായിരുന്നു ആദ്യ ഭർത്താവ്. 2017 ഒക്ടോബറിൽ വിവാഹിതരായ ഇരുവരും നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. അതിനുശേഷമാണ് രാജ് നിഡിമോരുവുമായി സാമന്ത പുതിയ ജീവിതം ആരംഭിച്ചത്. പ്രിയതാരത്തിന് ആശംസകളുമായി നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളുമാണ് രംഗത്തെത്തുന്നത്.