
കേരളാ ഹൈക്കോടതിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി അന്‍സിബ ഹസന്. ‘സത്യമേവ ജയതേ’ എന്ന ഒറ്റവരിഅടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.
അതേമസയം കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കുമെന്ന് കൊച്ചി പോലീസ് കമ്മിഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ നടത്തിയ പരിശോധനയില്‍ കേസെടുക്കാന്‍ പാകത്തില്‍ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കോടതി നിര്‍ദേശം വന്നിരിക്കുകയാണെന്നും ഉത്തരവ് ലഭിച്ചാലുടന്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അവരുടെ സംഘടനയ്ക്കുളളിലുളള ഒരുപാട് കാര്യങ്ങളാണ്. അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പരാതികളും മറുപരാതികളുമുണ്ടായിരുന്നു. നേരത്തെ അവര്‍ സംസാരിച്ചു തീര്‍ന്ന കാര്യങ്ങളില്‍ പരിഹരിക്കപ്പെടാതെ നിന്നു. എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. അവരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സംസാരങ്ങള്‍ പരിശോധിച്ചു. അന്നേരത്തെ തെളിവുകള്‍ പരിശോധിച്ച് പോലീസ് ഒരു തീരുമാനമെടുത്തു. ഇപ്പോള്‍ ജുഡീഷ്യറിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ കേസെടുക്കും ’അദ്ദേഹം വ്യക്തമാക്കി.
അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. പിന്നാലെ നടി കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച എറണാകുളം സെഷന്‍സ് കോടതി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു.






