
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വാദപ്രതിവാദങ്ങള്‍ മുറുകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി അദാനിഗ്രൂപ്പ്. അന്താരാഷ്ട്ര തുറമുഖത്ത് വിദേശനിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സമീപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ അല്ലാതെ അദാനിഗ്രൂപ്പിന് വിദേശനിക്ഷേപം അനുവദിക്കാന്‍ കഴിയില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ച് മണിക്കൂറുകള്‍ക്കകമാണ് അദാനിഗ്രൂപ്പിന്റെ നീക്കം ഉണ്ടായിരിക്കുന്നത്. വിഐഎസ്എല്‍ എംഡിക്കാണ് കത്ത് നല്‍കിയത്. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച 'അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയാണ് ഓഹരി കൈമാറാന്‍ അനുമതി തേടിയത്. ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നിയമോപദേശം തേടിയ ശേഷം ഇന്നലെ തന്നെ നല്‍കുകയായിരുന്നു.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ എംഎസ്സിക്ക് കൈമാറുന്നു എന്നാണ് നേരത്തേ പുറത്തുവന്ന വാര്‍ത്ത. എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ തന്നെ ഉപവിഭാഗമായ 'മുന്‍ഡി ലിമിറ്റഡ്' ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം.
ഏകദേശം 13,270 കോടി രൂപയ്ക്ക് ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു റിപ്പോര്‍ട്ടുകള്‍. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് സെബിയില്‍ നിന്നും തത്വത്തിലുള്ള അനുമതി ബുധനാഴ്ച ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയതെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 13000 കോടി രൂപയുടെ നിക്ഷേപം നടത്തി ആഗോള ഷിപ്പിങ്ങ് കമ്പനിയായ എംഎസ്സി നടത്തിയിരുന്നു. തുറമുഖത്തിന്റ നടത്തിപ്പ് ചുമതലയുള്ള ആദാനി പോര്‍ട്സിന്റ 49 ശതമാനം ഓഹരി വാങ്ങി കൊണ്ടാണ് എംഎസ് സി നിക്ഷേപം നടത്തിയത്. എംഎസ്സിയുടെ നിക്ഷേപം വന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം കൂടുതല്‍ വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍.






