
മലയാളം സിനമാ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന് നന്ദു പൊതുവാള്. ചെറുതെങ്കിലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒട്ടനവധി ഹാസ്യ- സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. അഭിനയത്തിന് പുറമേ പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രൊഡക്ഷന്‍ മാനേജറായും മലയാള സിനിമയുടെ അണിയറയിലും സജീവമാണ് നന്ദു പൊതുവാള്.
ഇപ്പോഴിതാ നന്ദു പൊതുവാളിനെ കുറിച്ച് പ്രൊഡഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. ഒരു നടനെന്ന നിലയിലുളള തന്റെ കഴിവുകള്‍ കിട്ടിയ അവസരങ്ങളിലൊക്കെ നന്ദു നന്നായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും പക്ഷേ അദ്ദേഹത്തിന് മലയാള സിനിമയില്‍ അര്‍ഹിക്കുന്ന അവസരങ്ങള്‍ കിട്ടുന്നില്ലെന്നും സിദ്ധു പനയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയില്‍ എല്ലാവരും ഒരുപോലെ അറിയുന്ന തന്നെ പോലെ ഒരാള്‍ക്ക് ഇപ്പോഴും അഭിനയിക്കാന്‍ വലിയ ചാന്സുകള് കിട്ടാത്തത് എന്തുക്കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല എന്നാണ് നന്ദു പറയുന്നതെന്ന് സിദ്ധു പനയ്ക്കല്‍ കുറിച്ചു.
സിദ്ധു പനയ്ക്കലിന്റെ വാക്കുകള്‍:
നന്ദു പൊതുവാൾ, നന്ദു പൊതുവാളിനെ അറിയാത്തവരായി മലയാള സിനിമ പ്രേക്ഷകർ ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല. മിമിക്രി ആർട്ടിസ്റ്റായി, പ്രൊഡക്ഷൻ കൺട്രോളറായി നടനായി, മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ആളാണ് നന്ദു. ഒരു നടനെന്ന നിലയിലുള്ള തന്റെ കഴിവുകൾ കിട്ടിയ അവസരളിലൊക്കെ നന്ദു നന്നായി പ്രകടിപ്പിച്ചിട്ടുണ്ട്.
നന്ദുവിനെ അറിയാത്തവരായി മലയാള സിനിമയിൽ ആരുമില്ല. സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ ടെക്നീഷ്യന്മാർ എല്ലാവർക്കും നന്ദുവിനെ അറിയാം. പക്ഷേ അർഹിക്കുന്ന അവസരങ്ങൾ മാത്രം നന്ദുവിന് കിട്ടുന്നില്ല.
നന്ദു കൂടുതലും അഭിനയിച്ചിട്ടുള്ളത് നന്ദു പ്രൊഡക്ഷൻ മാനേജരായോ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയോ കൺട്രോളറായോ വർക്ക് ചെയ്ത സിനിമകളിലാണ്. അതും ഒന്നോ രണ്ടോ സീനുകളിൽ. ഒരു നടൻ എന്ന നിലയിൽ മാത്രം നന്ദുവിനെ വിളിച്ച് അഭിനയിപ്പിച്ച സിനിമകൾ കുറവായിരിക്കും.
വലിയ മുതൽമുടക്കുള്ള കലയും കച്ചവടവും ചേർന്ന ബിസിനസ് ആയതുകൊണ്ട് തന്നെ സിനിമ എപ്പോഴും ഭാഗ്യം അല്ലെങ്കിൽ രാശിയുടെ പിന്നാലെ പോകുന്ന ഒരു വ്യവസായ മേഖലയാണ്. അതായത് സക്സസ് സിനിമകളിൽ അഭിനയിക്കുന്ന നടന്മാർക്ക് വേഷങ്ങൾ കൂടുതൽ കിട്ടാനുള്ള സാധ്യത അധികമാണ്. അങ്ങനെ നോക്കിയാലും നന്ദു പ്ലസ് പോയിന്റ് ഉള്ള ആളാണ്. ചെറിയ വേഷങ്ങൾ ആണെങ്കിലും നന്ദു അഭിനയിച്ചിട്ടുള്ള 95% സിനിമകളും വൻ വിജയങ്ങളാണ്.
ഈയടുത്ത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായ തുടരും സിനിമ തുടങ്ങുന്നത് നന്ദുവിൽ നിന്നാണ് ചളികുണ്ടിൽ വീണു കിടക്കുന്ന ആളായിട്ട്. പക്ഷേ അഭിനയ ശേഷിയുടെ കാര്യത്തിൽ ആയാലും രാശിയുള്ള ആൾ എന്ന നിലയിലും നന്ദു സക്സസ് ആണെങ്കിലും അവസരങ്ങളുടെ കാര്യത്തിൽ ആ ഭാഗ്യം നന്ദുവിനെ തുണക്കുന്നില്ല.
ഈ അടുത്ത കാലത്ത് ഒരു മുഴുനീള വേഷത്തിൽ നന്ദുവിനെ കണ്ടത് ഭരതനാട്യം എന്ന സിനിമയിലാണ്. തുടർന്നുവന്ന ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടം വൻ വിജയസിനിമയായിരുന്നു. അതിലെ നന്ദുവിന്റെ മുഴുനീള വേഷം കയ്യടി നേടുകയും ചെയ്തു.
ഷൂട്ടിംഗ് ലൊക്കേഷനുകളുടെ പെർമിഷൻ വാങ്ങാൻ നന്ദുവിനെയും കൂട്ടി പോയാൽ ആ പണി വളരെ എളുപ്പമുള്ളതാകും. നന്ദുവിനെ കണ്ടാൽ എല്ലാവർക്കും തിരിച്ചറിയാം. അതുകൊണ്ടുതന്നെ ഇവിടെയും അധികം വെയിറ്റ് ചെയ്യേണ്ടി വരാറില്ല. പെർമിഷൻ തരേണ്ട ആളുടെ അടുത്തെത്തിയാലോ ആദ്യം അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിടരും. വരു "വഴിപോക്കൻ" എന്നുപറഞ്ഞ് സ്വീകരിച്ചിരുത്തും. പെർമിഷൻ എത്രയും പെട്ടെന്ന് ശരിയാക്കി തരികയും ചെയ്യും.
മോഹിനിയാട്ടം സിനിമ കഴിഞ്ഞപ്പോൾ ഞാൻ നന്ദുവിനോട് പറഞ്ഞു, ഇനി നന്ദുവിന് പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്യേണ്ടി വരില്ല. നടനായി ധാരാളം ചാൻസുകൾ കിട്ടും. ഞാൻ മാത്രമല്ല പലരും നന്ദുവിനോട് ഇതേ വാക്ക് തന്നെ പറഞ്ഞു.
എല്ലാവരുടെയും ഈ വാക്കുകൾ അസ്ഥാനത്തായി എന്നാണ് നന്ദുവിനെ കണ്ടപ്പോൾ പറഞ്ഞത്. ഇപ്പോഴും വലിയ ചാൻസുകൾ ഒന്നും അഭിനയിക്കാൻ നന്ദുവിന് കിട്ടുന്നില്ല. അതെന്താണെന്ന് മനസ്സിലാവുന്നില്ല എന്നാണ് നന്ദു പറയുന്നത്. ഇത്രയും കാലം വലിയൊരു വേഷം അഭിനയിച്ചു കാണിച്ചു കൊടുക്കാൻ കിട്ടിയിരുന്നില്ല. അങ്ങനെ ഒരു വേഷം കിട്ടുകയും അത് വലിയ സക്സസ് ആവുകയും ചെയ്തിട്ടും എന്താണ് എന്നെ അന്വേഷിച്ച് അവസരങ്ങൾ വരാത്തത് എന്നാണ് നന്ദു ചോദിക്കുന്നത്. അതും സിനിമയിൽ എല്ലാവരും അറിയുന്ന എന്നെപോലെ ഒരാൾക്ക്.
സിനിമ വലിയൊരു മായാജാലക്കാരനാണ്. ഒരു കുഴലിലൂടെ വലിക്കുമ്പോൾ മുള്ളുകൾ റോസാപുഷ്പങ്ങളായി മാറുന്നതുപോലെ, തൂവാല പ്രാവുകളായി പറന്നുരുയരുന്നതുപോലെ. ചിലരുടെ ജീവിതം പെട്ടെന്ന് മാറിമറിയും. ഉയരങ്ങളിലേക്ക് പറക്കും. മുള്ളുകൾ പൂവുകൾ ആവുകയും, തൂവാല പ്രാവുകളാവുകയും ചെയ്യുന്ന അതേ സ്റ്റേജിൽ പെട്ടിയിലടച്ച് ചങ്ങലയിട്ടു പൂട്ടി സെക്കന്റുകൾ കൊണ്ട് പെട്ടി തുറന്ന് നോക്കുമ്പോൾ അപ്രത്യക്ഷതരാവുന്ന ആളുകളുമുണ്ട്. സിനിമ അങ്ങനെയാണ് വലിയ മായാജാലക്കാരൻ.






