
അറ്റ്ലാന്റ: ലോകകപ്പ് റൗണ്ട് ഓഫ് 32ൽ ഇംഗ്ലണ്ടിനോട് കോംഗോ പരാജയപ്പെട്ടെങ്കിലും, അവരുടെ ഗോൾകീപ്പർ ലയണണൽ എംപാസിയുടെ പ്രകടനമാണ് മത്സരശേഷം ഏറ്റവും കൂടുതൽ ചർച്ചയായത്. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ആക്രമണനിരയെ നീണ്ടനേരം പിടിച്ചുകെട്ടിയ എംപാസി, ശ്രദ്ധേയമായ സേവുകളിലൂടെ ആരാധകരുടെ കൈയടി നേടി.
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെ തുടർച്ചയായി തടഞ്ഞ എംപാസി, ഗോൾവലക്ക് മുന്നിൽ അഭേദ്യ മതിലായി മാറി. ഗോൾ ഉറപ്പിച്ചെന്നു തോന്നിച്ച നിരവധി ഷോട്ടുകൾ അതിവേഗ പ്രതികരണത്തിലൂടെ രക്ഷപ്പെടുത്തിയപ്പോൾ, ഇംഗ്ലീഷ് താരങ്ങൾ പോലും അദ്ദേഹത്തിന്റെ പ്രകടനത്തെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
എംപാസിയുടെ ഏറ്റവും ശ്രദ്ധേയമായ സേവുകളിൽ ഒന്ന് ജൂഡ് ബെല്ലിങ്ഹാമിന്റെ ഹെഡർ തടഞ്ഞതായിരുന്നു. വലയ്ക്ക് തൊട്ടുമുന്നിൽ നിന്ന് ബെല്ലിങ്ഹാം ലക്ഷ്യമിട്ട പന്ത് അസാമാന്യ മികവോടെ എംപാസി തട്ടിയകറ്റി. അതിന് പിന്നാലെ നിലത്ത് കിടന്നിരുന്ന എംപാസിയെ ബെല്ലിങ്ഹാം കെട്ടിപ്പിടിച്ച് പുറത്ത് ചുംബിച്ചതും അദ്ദേഹത്തിന്റെ പ്രകടനത്തോടുള്ള ആദരവായി സമൂഹമാധ്യമങ്ങളിൽ വൈറലായി.
മത്സരത്തിന്റെ 75-ാം മിനിറ്റ് വരെ ഇംഗ്ലണ്ടിനെ പിടിച്ചുനിർത്തുന്നതിൽ എംപാസിയുടെ പ്രകടനം നിർണായകമായി. പിന്നീട് ഹാരി കെയ്ൻ നേടിയ ഇരട്ടഗോളുകളുടെ മികവിൽ ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് മുന്നേറി.
കോംഗോയ്ക്ക് തോൽവി വഴങ്ങേണ്ടി വന്നെങ്കിലും മത്സരത്തിലെ യഥാർഥ ഹീറോ എംപാസിയാണെന്ന് വിലയിരുത്തലുകൾ ഉയർന്നു. മത്സരശേഷം പ്രതികരിച്ച അദ്ദേഹം, ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ ശരീരവും മനസും ഒരുപോലെ സമർപ്പിച്ചാണ് ഗോൾവല കാത്തതെന്ന് പറഞ്ഞു.






