
കൊല്ലം അച്ചൻകോവിലിൽ ആദിവാസി ദമ്പതികളുടെ നവജാത ഇരട്ടക്കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട പോഷകാഹാരവും ആവശ്യമായ പരിചരണവും ലഭിച്ചില്ലെന്ന പരാതിയിൽ വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെടൽ നടത്തി. സുനിലും അഞ്ജുവും ദമ്പതികളുടെ പരാതിയിൽ അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി.
അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. എസ്.ടി. പ്രമോട്ടറുടെ ഭാഗത്ത് നിന്ന് ധനസഹായം ഉൾപ്പെടെയുള്ള ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന പരാതി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
കുഞ്ഞുങ്ങൾക്ക് പാലിന് പകരം തിളപ്പിച്ചാറിയ വെള്ളമാണ് നൽകുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇരുവരുടെയും ആരോഗ്യ പരിശോധന നടത്താൻ മന്ത്രി നിർദേശിച്ചു. അച്ചൻകോവിലിൽ ഉണ്ടായത് അനാസ്ഥയാണെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൂടുതൽ കരുതലും ശ്രദ്ധയും ആവശ്യമായവരുടെ കാര്യത്തിൽ സർക്കാർ ജാഗ്രതയോടെ ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.
അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളാണ് പരാതിയുമായി രംഗത്തെത്തിയത്. ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഭാരക്കുറവുണ്ടെന്നും അമ്മയ്ക്ക് മുലപ്പാൽ കുറവായതിനാൽ തിളപ്പിച്ചാറിയ വെള്ളമാണ് നൽകുന്നതെന്നും അവർ പറഞ്ഞു. ഗർഭകാലത്ത് ലഭിക്കേണ്ട പോഷകാഹാരങ്ങൾ ലഭിച്ചില്ലെന്നും എസ്.ടി. പ്രമോട്ടർ ആവശ്യമായ പിന്തുണ നൽകിയില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.






