
നാഗ്പൂർ: നാഗ്പൂരിൽ ഒരു സംഘം ആളുകൾ പോലീസുകാരന്റെ കാർ തടഞ്ഞുനിർത്തി, അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിറക്കി പൊതുജനമധ്യത്തിൽ ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ പോലീസുകാരനെ റോഡിന്റെ മറുഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് റോഡിലിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് അക്രമികളിലൊരാൾ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. മർദ്ദനത്തിന് ശേഷം പോലീസുകാരന്റെ കാർ തല്ലിപ്പൊളിച്ച സംഘം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.
നാഗ്പൂരിനെ നടുക്കിയ ഈ ക്രൂരമായ സംഭവം സമീപത്തെ ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ തമ്മിൽ നേരിയ തോതിൽ ഉരസിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയാണ് സംഘം ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂൺ 28-ന് രാത്രിയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനൊപ്പം തന്റെ സ്വകാര്യ കാറിൽ മങ്കാപ്പൂർ ചൗക്കിലേക്ക് പോവുകയായിരുന്നു 35-കാരനായ പോലീസുകാരൻ. ഈ സമയം മോട്ടോർ സൈക്കിളുകളിലെത്തിയ ഏഴോ എട്ടോ പേരടങ്ങുന്ന യുവാക്കളുടെ സംഘം കാറിന് കുറുകെ ബൈക്കുകൾ പാർക്ക് ചെയ്ത് വഴി തടയുകയായിരുന്നു. തുടർന്ന് പോലീസുകാരനെ ചീത്തവിളിക്കാൻ തുടങ്ങിയ സംഘം, കാർ തകർക്കുകയും അദ്ദേഹത്തെ റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ നാട്ടുകാരുടെ സഹായത്തോടെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതും 14 പേരെ അറസ്റ്റ് ചെയ്തതും. പ്രതികളിൽ ചിലർ മുൻപും ക്രിമിനൽ കേസുകളിൽ പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു.






