
ന്യൂഡൽഹി: മെസ്സേജിങ് ആപ്പുകളിലെ യൂസർനെയിം അധിഷ്ഠിത ഫീച്ചറുകൾക്കെതിരെയുള്ള നടപടികൾ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ശക്തമാക്കുന്നു. വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറിനെതിരെ മെറ്റയ്ക്ക് നോട്ടീസ് അയച്ചതിന് പിന്നാലെ, കേന്ദ്ര സർക്കാർ ഇപ്പോൾ ടെലിഗ്രാം, സിഗ്നൽ എന്നീ പ്ലാറ്റ്ഫോമുകൾക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ പ്ലാറ്റ്ഫോമുകളിലെ യൂസർനെയിം സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതും അത് ദുരുപയോഗം ചെയ്യുന്നതും തടയാൻ എന്തെല്ലാം സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദീകരിക്കാൻ ഇരു കമ്പനികളോടും സർക്കാർ ആവശ്യപ്പെട്ടു.
ടെലിഗ്രാമിലെയും സിഗ്നലിലെയും യൂസർനെയിം ഫീച്ചറുകളെക്കുറിച്ചും അത് വഴിയുള്ള ദുരുപയോഗങ്ങൾ തടയാൻ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ഫീച്ചറുകൾ ആളുകളെ പറ്റിക്കാനും ഓൺലൈൻ തട്ടിപ്പുകൾക്കും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കാൻ സാധ്യതയുണ്ടോ എന്ന് സർക്കാർ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ജൂണിൽ നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ ടെലിഗ്രാമിന് ഒരാഴ്ചത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ബുധനാഴ്ചയാണ് ഇന്ത്യയിൽ വാട്സാപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്ന യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് അയച്ചത്. ഈ ഫീച്ചർ ഓൺലൈൻ തട്ടിപ്പ്, ഫിഷിംഗ്, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, മറ്റുള്ളവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ചമയ്ക്കൽ എന്നിവ വർദ്ധിക്കാൻ കാരണമാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഫോൺ നമ്പർ പങ്കിടാതെ തന്നെ ആളുകൾക്ക് സന്ദേശങ്ങളും കോളുകളും ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് വാട്സാപ്പ് അക്കൗണ്ടിനായി തിരഞ്ഞെടുക്കാവുന്ന ഈ യൂസർനെയിം ഫീച്ചർ എന്ന് മെറ്റ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ഫീച്ചർ വ്യക്തികളുടെയും പൊതു അധികാരികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും യഥാർത്ഥ പേരിനോട് സാമ്യമുള്ള യൂസർനെയിമുകൾ ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റികൾ നിർമ്മിക്കാൻ കുറ്റവാളികൾക്ക് വഴിതുറക്കുമെന്ന് സർക്കാർ ആശങ്കപ്പെടുന്നു. അതുകൊണ്ട് തന്നെ മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നൽകാൻ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അധികാരികളുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നത് വരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000, ഐടി റൂൾസ് 2021 എന്നിവ പ്രകാരം എന്തുകൊണ്ട് നിയന്ത്രണ നടപടികൾ സ്വീകരിക്കരുത് എന്ന് വിശദീകരിക്കാൻ നോട്ടീസിൽ ആവശ്യപ്പെടുന്നു. എന്നാൽ തട്ടിപ്പുകൾക്കും വ്യാജ അക്കൗണ്ടുകൾക്കുമെതിരെ ഒന്നിലധികം സുരക്ഷാ ക്രമീകരണങ്ങൾ തങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് വാട്സാപ്പ് വ്യക്തമാക്കുന്നത്. ഉപയോക്താക്കൾക്ക് വാട്സാപ്പ് ഉപയോഗിക്കാൻ ഇപ്പോഴും ഫോൺ നമ്പർ ആവശ്യമാണെന്നും, കൃത്യമായ യൂസർനെയിം അറിയാവുന്നവർക്ക് മാത്രമേ സന്ദേശം അയക്കാൻ സാധിക്കൂ എന്നും അവർ പറഞ്ഞു. കൂടാതെ ഒരു അക്കൗണ്ടിൽ നിന്ന് ഒരേസമയം ബന്ധപ്പെടാവുന്ന പുതിയ ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും വാട്സാപ്പ് കൂട്ടിച്ചേർത്തു. വരും മാസങ്ങളിൽ ഈ ഫീച്ചർ പൂർണ്ണമായി പുറത്തിറക്കാനാണ് വാട്സാപ്പ് ലക്ഷ്യമിടുന്നത്.






