
യാത്രക്കാരൻ അബദ്ധത്തിൽ നൽകിയ 50 രൂപ സ്വന്തം പോക്കറ്റിൽ വെക്കുന്നതിന് പകരം, അത് മറ്റുള്ളവർക്ക് നന്മ ചെയ്യാനായി വിനിയോഗിച്ച നാഗ്പൂരിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രാജേന്ദ്ര തെംറെ എന്ന 'രാജു ബാബ' എന്നറിയപ്പെടുന്ന ഡ്രൈവറാണ് തന്റെ സന്മനസ്സുകൊണ്ട് ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. തനിക്ക് അധികമായി ലഭിച്ച ഈ തുക ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
യാത്രക്കാരൻ അധികമായി നൽകിയ 50 രൂപയുമായി തന്റെ ഓട്ടോയിൽ പോകുമ്പോൾ, വെയിലത്ത് നടന്നുപോകുന്ന ഒരുകൂട്ടം ആളുകളെ അദ്ദേഹം ശ്രദ്ധിച്ചു. ആദ്യം അദ്ദേഹം വഴിയിൽ നടന്നുപോകുകയായിരുന്ന ഒരു വയോധികയെ കണ്ടുമുട്ടി. അവർക്ക് തന്റെ ഓട്ടോയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുകയും, ആ 50 രൂപയിൽ നിന്ന് 10 രൂപ അവർക്ക് നൽകുകയും ചെയ്തു.
യാത്ര തുടർന്ന രാജു, വീണ്ടും വഴിയിൽ വെയിലത്ത് കഷ്ടപ്പെടുന്ന ഒരുകൂട്ടം ആളുകളിൽ ഒരാളായ ഒരു വയോധികനെ കൂടി ശ്രദ്ധിച്ചു. അദ്ദേഹത്തിന് കുടിക്കാൻ വെള്ളം നൽകിയതിനുശേഷം, കയ്യിലുണ്ടായിരുന്ന തുകയിൽ നിന്ന് 10 രൂപ കൂടി അദ്ദേഹം ആ വയോധികന് നൽകി. ബാക്കിയുള്ള 30 രൂപയും മറ്റാർക്കെങ്കിലും സഹായകരമായ രീതിയിൽ വിനിയോഗിക്കുമെന്ന് അദ്ദേഹം വീഡിയോയിൽ സന്തോഷത്തോടെ പറയുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പണത്തേക്കാൾ ഉപരിയായി മനുഷ്യത്വത്തിനാണ് വിലയെന്ന് ഈ ഓട്ടോ ഡ്രൈവർ തെളിയിച്ചുവെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. ഈ വീഡിയോ മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും, നന്മ നിറഞ്ഞ പ്രവർത്തികൾ എന്നും വാഴ്ത്തപ്പെടണമെന്നും സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.






