
ഭക്തിക്ക് പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 116 വയസ്സുള്ള നവനീതമ്മ എന്ന വയോധിക. സാധാരണക്കാർ പോലും നടന്നു കയറാൻ ബുദ്ധിമുട്ടുന്ന തിരുമലയിലെ 11 കിലോമീറ്റർ ദൂരമുള്ള അലിപിരി നടപ്പാത, തന്റെ കുടുംബത്തിന്റെ പിന്തുണയോടെ അവർ കാൽനടയായി കീഴടക്കി. ശ്രീവെങ്കിടേശ്വര സ്വാമിയുടെ ദിവ്യദർശനത്തിനായി കുന്നുകയറിയ നവനീതമ്മയുടെ ദൃഢനിശ്ചയം ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്.
കുടുംബാംഗങ്ങളുടെ കൈപിടിച്ച് പടവുകൾ കയറുന്ന നവനീതമ്മയുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. ഈ കഠിനമായ യാത്ര ഒടുവിൽ ലക്ഷ്യത്തിലെത്തിയത് ദൃശ്യങ്ങൾ കണ്ട ലക്ഷക്കണക്കിന് ആളുകളിലാണ് അത്ഭുതം സൃഷ്ടിച്ചത്. ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയോ മുന്നിൽ വാർദ്ധക്യം വെറുമൊരു സംഖ്യ മാത്രമാണെന്ന് ഈ വയോധിക വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നവനീതമ്മയുടെ അടിയുറച്ച ഭക്തിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് രംഗത്തുവന്നു. പരിശുദ്ധമായ ഭക്തിയുടെ കാര്യത്തിൽ പ്രായം ഒരു പ്രശ്നമേയല്ലെന്നും, അവരുടെ ആത്മവിശ്വാസം തന്നെയാകെ അമ്പരപ്പിച്ചെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒപ്പം അവരുടെ തീവ്രമായ ആഗ്രഹത്തിനൊപ്പം നിന്ന കുടുംബാംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
വാർദ്ധക്യത്തെ പരിമിതികളായി മാത്രം കാണുന്ന കാലത്ത്, നവനീതമ്മയുടെ ഈ യാത്ര ലക്ഷ്യബോധത്തിന്റെയും വിശ്വാസത്തിന്റെയും വലിയൊരു സന്ദേശമാണ് നൽകുന്നത്. ഈ അസാധാരണമായ സമർപ്പണം കണ്ട് കരളലിഞ്ഞ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) അധികൃതർ, നവനീതമ്മയ്ക്കും കുടുംബത്തിനും പ്രത്യേക വി.ഐ.പി ദർശനത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കുകയുണ്ടായി.
#WATCH | Tirupati, Andhra Pradesh: Tirumala Tirupati Devasthanam officials arranged a special darshan for 116-year-old Navaneethamma after she walked up to Tirumala on foot. pic.twitter.com/HOiLZwKnFJ
— ANI (@ANI) July 6, 2026






