
മറന്നുവെച്ച സാധനങ്ങൾ തിരികെ എത്തിക്കാൻ ക്യാബ് ഡ്രൈവർമാർ സഹായിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സാധനങ്ങൾക്കൊപ്പം ഒരു അച്ഛന്റെ വക കടുത്ത ശാസന കൂടി കൃത്യമായി മകന് കൈമാറിയ ഒരു ഊബർ ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. തന്റെ മകൻ കാറിൽ മറന്നുവെച്ച ഫോൺ ചാർജർ തിരികെ നൽകാൻ അച്ഛൻ ഡ്രൈവറെ ഏൽപ്പിക്കുമ്പോൾ പറഞ്ഞ രസകരമായ വാക്കുകളാണ് ഡ്രൈവർ ഒട്ടും ചോർന്നുപോകാതെ മകന് മുന്നിൽ ഡെലിവറി ചെയ്തത്.
യാത്രക്കാരനായ യുവാവ് തന്റെ ചാർജർ കാറിൽ മറന്നുവെച്ചതായി ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അത് തിരികെ നൽകാൻ യുവാവിന്റെ അച്ഛനെ ബന്ധപ്പെടുകയായിരുന്നു. ചാർജർ വാങ്ങാൻ എത്തിയ അച്ഛൻ ഡ്രൈവർക്ക് പണം നൽകിയ ശേഷം മകനെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞു. "പത്ത് മണിക്കൂർ ഉറങ്ങും, ബാക്കി സമയം റീൽസ് കണ്ടിരിക്കും, ആ മടിയനോട് ചാർജർ വാങ്ങാൻ വരാൻ പറയൂ" എന്നായിരുന്നു അച്ഛന്റെ ദേഷ്യത്തോടെയുള്ള വാക്കുകൾ. ഇത് കേട്ട ഡ്രൈവർ കാര്യം രസകരമായി മകനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു.
യുവാവിന്റെ അടുത്ത് ചാർജറുമായി എത്തിയ ഡ്രൈവർ, അച്ഛൻ പറഞ്ഞ ഓരോ വാക്കും അതേ ഭാവത്തിൽ തന്നെ മകന് മുന്നിൽ അവതരിപ്പിച്ചു. "അച്ഛൻ കടുത്ത ദേഷ്യത്തിലാണ്, 10 മണിക്കൂർ ഉറക്കവും റീൽസ് കാണലുമല്ലാതെ നിനക്ക് വേറെ പണിയില്ലേ എന്ന് ചോദിക്കാൻ പറഞ്ഞു" എന്ന് ഡ്രൈവർ ചിരിച്ചുകൊണ്ട് പറയുന്നത് വീഡിയോയിൽ കാണാം. ഡ്രൈവറുടെ ഈ അപ്രതീക്ഷിത 'ടാസ്ക്' കേട്ട് യുവാവ് ചമ്മലോടെ ചിരിക്കുന്നതും ചാർജർ വാങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ ചെറിയ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്. എല്ലാ അച്ഛന്മാരും ഒരുപോലെയാണെന്നും, ചാർജർ ഡെലിവറി ചെയ്യുന്നതിനൊപ്പം അച്ഛന്റെ വികാരം കൂടി കൃത്യമായി എത്തിച്ച ഡ്രൈവർക്ക് അവാർഡ് നൽകണമെന്നുമാണ് നെറ്റിസൺസ് കമന്റ് ചെയ്യുന്നത്. ഡ്രൈവറുടെ രസകരമായ പെരുമാറ്റവും യുവാവിന്റെ ഭാവവും വീഡിയോയെ നിമിഷങ്ങൾക്കകം വൈറലാക്കി മാറ്റി.
Uber wale bhaiya are delivering taunts along with the parcels now pic.twitter.com/k5ucZCz8D6
— Ghar Ke Kalesh (@gharkekalesh) July 2, 2026






