
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും നടപടിക്രമങ്ങൾ പൂർത്തിയാകട്ടെയെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിൽ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും സുപ്രധാന താൽപര്യങ്ങളുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഭാവിയിൽ വിവിധ കമ്പനികളുടെ കപ്പലുകൾ തുറമുഖം ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെന്നും, മുൻപ് ചൈനീസ് കമ്പനിയുടെ ടെൻഡർ റദ്ദാക്കിയ അനുഭവവും ഉണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സർക്കാരിന്റെ അഭിപ്രായം തേടാതെയൊരു അന്തിമ തീരുമാനവും എടുക്കാൻ പാടില്ലെന്നും അദാനി ഗ്രൂപ്പിനെ എതിർക്കുന്ന നിലപാടല്ല ഇതെന്നും തരൂർ വ്യക്തമാക്കി. തുറമുഖത്തിന്റെ വളർച്ച അനിവാര്യമാണെങ്കിലും നിയമങ്ങളും കരാർ വ്യവസ്ഥകളും പാലിക്കപ്പെടണം. വിഷയം വിശദമായി പരിശോധിച്ച ശേഷമേ സർക്കാർ തീരുമാനമെടുക്കാവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ, വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് മുൻ മുഖ്യമന്ത്രിക്കാണ് കൂടുതൽ വിവരങ്ങളറിയാവുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ സർക്കാരിന് ചുമതലയേറ്റിട്ട് ഒരു മാസം മാത്രമാണെന്നും വിഷയത്തിലെ എല്ലാ കാര്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി ആരംഭിച്ചത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.






