
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കേരളത്തിന്റെ ഭാവിയെ ലക്ഷ്യമിട്ടുള്ള നിർണായക പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്നും, കഴിഞ്ഞ പത്ത് വർഷത്തെ സാഹചര്യത്തിൽ നിന്ന് മുന്നേറാൻ സ്വകാര്യ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ നരേന്ദ്ര മോദി സർക്കാരിന്റെ പിന്തുണ നിർണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ തുടർവികസനത്തിനുള്ള നടപടികൾക്ക് ബിജെപി പിന്തുണ നൽകുമെന്നും സംസ്ഥാന സർക്കാരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു സ്വകാര്യ പദ്ധതി മാത്രമല്ല, സർക്കാരും സ്വകാര്യ കമ്പനിയും ചേർന്ന് നടപ്പാക്കുന്ന വലിയ സംരംഭമാണെന്നും എല്ലാ നടപടികളും സുതാര്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ സർക്കാർ വ്യക്തമായി വിശദീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സുതാര്യതയെക്കുറിച്ച് സംസാരിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, യുപിഎ ഭരണകാലത്ത് നിരവധി അഴിമതികൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. മദ്യനയത്തിൽ സുതാര്യത ഇല്ലെന്നും വിഴിഞ്ഞം കരാറിന്റെ കാര്യത്തിൽ സർക്കാർ പൂർണ സുതാര്യത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






