
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ 26 കാരൻ വീട്ടിൽ ആത്മഹത്യ ചെയ്തെന്ന വാർത്ത കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഗോണ്ടൽ താലൂക്കിലെ ഗുണ്ടാല ഗ്രാമവാസിയായ റാം ഭർവാദ് ജൂൺ 30-നാണ് മരിച്ചത്. യുവാവിന്റെ മദ്യപാന ശീലം മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മാതാപിതാക്കളായ ബാബുഭായ് ബംവ, മനീഷാബെൻ ബംവ എന്നിവർ ചേർന്ന് മകനെ ബലമായി ആസിഡ് കുടിപ്പിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മാതാപിതാക്കൾ നൽകിയ ആത്മഹത്യാ മൊഴിയുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഒത്തുപോകുന്നുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റാമിന്റെ ഭാര്യ ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ പരാതി നൽകി. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) (കൊലപാതകം), 124 (ആസിഡ് ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ), 54 (പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കൂട്ടായ പ്രവർത്തനം) എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി രാജ്കോട്ട് റൂറൽ എസ്പി വിജയ് സിംഗ് ഗുർജാർ അറിയിച്ചു.






