
തെലങ്കാന: ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും ഒരു 21-കാരൻ കോളേജ് വിദ്യാർത്ഥിയെ എത്തിച്ചത് ക്രൂരമായ കൊലപാതക ശ്രമത്തിൽ. സ്വർണ്ണവും പണവും കവർന്ന ശേഷം തന്നെ തിരിച്ചറിയാതിരിക്കാൻ 55-കാരിയായ സ്ത്രീയെ ആഴമേറിയ കാർഷിക കിണറ്റിലേക്ക് തള്ളിയിട്ടു. അവർ ജീവനോടെ രക്ഷപ്പെടാതിരിക്കാൻ പിടിച്ചുകിടന്ന കയർ വരെ പ്രതി അറുത്തുമാറ്റി. എന്നാൽ, നീന്തൽ അറിയാമായിരുന്ന ആ സ്ത്രീ മോട്ടോർ പൈപ്പിന്റെ കേബിളിൽ തൂങ്ങിക്കിടന്നത് നീണ്ട 21 മണിക്കൂർ! ഒടുവിൽ അവരെ മരണത്തിനു വിട്ടുകൊടുക്കാതെ ഗ്രാമവാസികൾ രക്ഷപെടുത്തി.
തെലങ്കാനയിലെ കരിംനഗർ ജില്ലയിലാണ് സിനിമകളെപ്പോലും വെല്ലുന്ന ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തങ്കരാല ലക്ഷ്മി (55) എന്ന സ്ത്രീയാണ് അതിജീവനത്തിന്റെ പുതിയ ചരിത്രം കുറിച്ചത്.
ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമുകളിലൂടെ ഏകദേശം 4 ലക്ഷം രൂപയോളം നഷ്ടപ്പെട്ട് കടക്കെണിയിലായ 21-കാരനാണ് ഈ ക്രൂരത ആസൂത്രണം ചെയ്തത്. ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലക്ഷ്മിയെ സമീപിച്ച പ്രതി തന്റെ തോട്ടത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഒരു 'റാപ്പിഡോ' ബൈക്ക് ബുക്ക് ചെയ്ത് ഇവരെ തിമ്മാപൂർ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ സിസിടിവി ക്യാമറകളും ജനത്തിരക്കും ഉള്ളതിനാൽ ലക്ഷ്മിയെ സ്വന്തം ബൈക്കിലേക്ക് മാറ്റി കയറ്റി ആളൊഴിഞ്ഞ നുസ്തുലാപൂർ ഗ്രാമത്തിലെ വിജനമായ വഴിയിലെത്തിക്കുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയതോടെ പ്രതി ലക്ഷ്മിയെ ഭീഷണിപ്പെടുത്തി അവരുടെ കൈവശമുണ്ടായിരുന്ന 5 ഗ്രാം സ്വർണ്ണാഭരണങ്ങളും 20 ഗ്രാം വെള്ളിക്കൊലുസും പണവും കവർന്നു. മോഷണത്തിന് ശേഷം ഈ സ്ത്രീ ജീവനോടെയിരുന്നാൽ തന്നെ പോലീസിന് കാട്ടിക്കൊടുക്കുമെന്ന് പ്രതി ഭയന്നു. സാക്ഷിയെ ഇല്ലാതാക്കാൻ ലക്ഷ്മിയെ പ്രതി കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് കരിംനഗർ പോലീസ് കമ്മീഷണർ ഗൗസ് ആലം പറഞ്ഞു.
കിണറ്റിൽ വീണ ലക്ഷ്മി അവിടെയുണ്ടായിരുന്ന ഒരു കയറിൽ പിടിച്ചുകിടക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി, അവർ മരിക്കുമെന്ന് ഉറപ്പാക്കാൻ ആ കയർ കത്തി ഉപയോഗിച്ച് അറുത്തുമാറ്റി! എന്നാൽ നീന്തൽ അറിയാമായിരുന്ന അവർ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവർ വെള്ളത്തിൽ തുഴഞ്ഞുനീങ്ങി കിണറ്റിലെ മോട്ടോർ പൈപ്പുമായി ബന്ധിപ്പിച്ചിരുന്ന മറ്റൊരു കേബിളിൽ വലിഞ്ഞുപിടിച്ചു കിടന്നു. രാത്രി മുഴുവൻ ആ വിജനമായ സ്ഥലത്തെ കിണറ്റിൽ മരണത്തോട് പൊരുതി അവർ കഴിഞ്ഞുകൂടി. പിറ്റേന്ന് രാവിലെ തോട്ടത്തിലെത്തിയ ജോലിക്കാരാണ് ലക്ഷ്മിയുടെ നിലവിളി കേട്ടതും അവരെ പുറത്തെടുത്തതും.






