
തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യവകുപ്പിൽ നടന്ന എല്ലാ പ്രധാന പർച്ചേസുകളും വകുപ്പ് തലത്തിൽ സമഗ്രമായി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. മെഡിക്കൽ കോളജുകളിലും വിവിധ സർക്കാർ ആശുപത്രികളിലും കോടികൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതായി ലഭിച്ച പരാതികളും നേരിട്ടുള്ള പരിശോധനകളിൽ കണ്ടെത്തിയ വിവരങ്ങളുമാണ് അന്വേഷണത്തിന് അടിസ്ഥാനമായതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശുപത്രികൾക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാനും മരുന്നുകൾ വാങ്ങാനും ബുദ്ധിമുട്ടുള്ളപ്പോൾ, ഇത്രയും വിലയേറിയ ഉപകരണങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് വാങ്ങിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കമ്മീഷൻ ലക്ഷ്യമിട്ടാണ് പർച്ചേസുകൾ നടത്തിയതെന്ന ആക്ഷേപങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പിലെ തകരാറുകൾ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊബൈൽ മോർച്ചറികൾ, ഓട്ടോക്ലേവ് മെഷീനുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന നിരവധി ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തിയ എല്ലാ പർച്ചേസുകളും പരിശോധിക്കുന്നതോടൊപ്പം, കേന്ദ്രപദ്ധതിയായ പി.എം.എസ്.എസ്.വൈ ഫണ്ടിൽ വാങ്ങിയ ഉപകരണങ്ങളും കോവിഡ് കാലത്ത് കേന്ദ്രസർക്കാർ നൽകിയെങ്കിലും പ്രവർത്തിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്ന സംവിധാനങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.






