
ന്യൂഡല്ഹി: കാര്ഗില് രക്തസാക്ഷിയുടെ മകള് ഗുര്മെഹര് കൗറിനെ പരിഹസിച്ച സംഭവത്തില് വിശദീകരണവുമായി ക്രിക്കറ്റ് താരം വീരേന്ദര് സേവാഗ്. കൗറിനെ പരിഹസിക്കാന് ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ട്വീറ്റ് നിര്ദ്ദോഷമായ ഫലിതമായിരുന്നെന്നും സേവാഗ് ട്വീറ്റ് ചെയ്തു. യോജിപ്പോ വിയോജിപ്പോ ഒരു ഘടകമല്ലെന്നും സേവാഗ് ട്വീറ്റ് ചെയ്തു.
കൗറിന് തന്റെ അഭിപ്രായം പ്രകടിപ്പിക്കാന് അവകാശമുണ്ട്. അവളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവര് നിലവാരമില്ലാത്തവരാണെന്നും സേവാഗ് ട്വീറ്റ് ചെയ്തു. ഫോഗട്ട് സഹോദരിമാര്ക്കും കൗറിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്-സേവാഗ് കൂട്ടിച്ചേര്ത്തു. ഡല്ഹിയിലെ രാംജാസ് കോളജില് എ.ബി.വി.പി നടത്തിയ അക്രമത്തിനെയിരെ പ്രതികരിച്ച കൗറിനെ സേവാഗ് പരിഹസിച്ചത് വിവാദമായിരുന്നു.
പാകിസ്താനല്ല, യുദ്ധമാണ് തന്റെ പിതാവിനെ കൊന്നതെന്ന കൗറിന്റെ പ്രസ്താവനയെയാണ് സേവാഗ് പരിഹസിച്ചത്. രണ്ട് ട്രിപ്പിള് സെഞ്ചുറികള് അടിച്ചത് താനല്ല, തന്റെ ബാറ്റാണെന്നായിരുന്നു സേവാഗിന്റെ പരിഹാസം. ഇതിനെതിരെ വിമര്ശനം ഉയര്ന്നതോടെയാണ് സേവാഗ് നിലപാട് മാറ്റിയത്.







Comments