
കൊല്ലം: സഹോദരീ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതി 40 വര്‍ഷത്തിനുശേഷം പിടിയില്‍. വെളിയം പടിഞ്ഞാറ്റിന്‍കര കോടിയാട്ട് വീട്ടില്‍ മോഹനന്‍പിള്ളയാണ് അറസ്റ്റിലായത്. വെളിയം പടിഞ്ഞാറ്റിന്‍കര ചന്ദ്രശേഖരന്‍പിള്ളയെ കൊലപ്പെടുത്തിയശേഷം 1987ലാണ് മോഹനന്‍പിള്ള നാടുവിട്ടത്. കൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 25 വയസ്സായിരുന്നു.
1987 ജനുവരി 11നായിരുന്നു കൊലപാതകം. വീട്ടില്‍ മദ്യപിച്ച് ബഹളം വച്ച ചന്ദ്രശേഖരന്‍പിള്ളയെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം വേളാങ്കണ്ണിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിന്നീട് കോട്ടയം കല്ലറയില്‍ തോട്ടം പണിക്കാരനായി. അവിടെ രാജനെന്ന പേരില്‍ വിവാഹം കഴിച്ച് കുടുംബമായി താമസിച്ച് വരികയായിരുന്നു. അടുത്തിടെ അസുഖം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഹനന്‍പിള്ള ചികിത്സതേടി. അവിടെ വച്ച് വെളിയം സ്വദേശിയായ ഒരാളെ അവിചാരിതമായി കണ്ടു.
നാട്ടിലെ ചില കാര്യങ്ങള്‍ തിരക്കി. ഈ വിവരം അയാള്‍ ബന്ധുക്കളെ അറിയിച്ചു. വിവരമറിഞ്ഞ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വീടിനടുത്തുള്ള കള്ളുഷാപ്പില്‍ ജോലി ചെയ്തിരുന്ന മോഹനന്‍പിള്ള മദ്യലഹരിയില്‍ വഴക്ക് ഉണ്ടാക്കുകയും കേസ് തനിക്ക് പുത്തരിയല്ല എന്ന് പറഞ്ഞതായും പോലീസിനു വിവരം ലഭിച്ചു. പ്രായത്തെ തുടര്‍ന്ന് രൂപമാറ്റമുണ്ടായതിനാല് പോലീസിന്റെ വിദഗ്ധമായ ചോദ്യം ചെയ്യലിലൂടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ സഹോദരിയും മറ്റു ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞു. അയാള്‍ക്ക് 35, 37 വയസ്സുള്ള മക്കളുണ്ട്.






