
കൊച്ചി: സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക മുദ്ര പതിപ്പിച്ച വാഹനത്തിൽ യാത്ര നടത്തിയ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സംഭവത്തിൽ ജൂലൈ 31നകം വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാറിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തിൽ നേരത്തെ മോട്ടോർ വാഹന വകുപ്പ് ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചെങ്കിലും, എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം ഇതുവരെ നടപ്പായിട്ടില്ല. എംവിഡി നടപടി സ്വീകരിച്ചതിനാൽ ഇനി പ്രത്യേക കേസ് ആവശ്യമില്ലെന്നാണ് പൊലീസിന്റെ നിലപാട്.
സ്വകാര്യ വാഹനത്തിൽ ഡിജിപിയുടെ നക്ഷത്രചിഹ്നം പ്രദർശിപ്പിച്ച് ടോമിൻ തച്ചങ്കരി യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ഉയർന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോൾ നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്രചിഹ്നം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.






