
കൊച്ചി: ജീവനക്കാരെ പിരിച്ചുവിട്ട കോറോ ഹെല്‍ത്ത് കമ്പനി ഇന്നു തുറക്കും. 10-ന് കമ്പനി അധികാരികളും തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയും സംബന്ധിക്കുന്ന യോഗം നടക്കുമെന്നും ഇന്നലെ ഉമാ തോമസ് എം.എല്‍.എ, ലേബര്‍ കമ്മിഷണര്‍, കോറോ ഹെല്‍ത്തിന്റെ ലീഗല്‍ അഡ്വൈസര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.
കമ്പനി അധികൃതരുടെ സൗകര്യാര്‍ഥം തീയതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരാമെന്ന് ഉമാ തോമസ് പറഞ്ഞു. അപ്പോള്‍ അതനുസരിച്ചാകും മന്ത്രിയുമായുള്ള കൂടിക്കാഴ്ച. ജീവനക്കാരുടെ ആവശ്യങ്ങള്‍ കമ്പനിയെ അറിയിക്കുമെന്ന് ലീഗല്‍ അഡ്വൈസര്‍ ആമിര്‍ പറഞ്ഞു. എന്നാല്‍, കമ്പനിയുടെ മുന്നോട്ടുള്ള പോക്കിനെപ്പറ്റി ആശങ്കയേറെയാണ്. പിരിച്ചുവിടല്‍ റദ്ദാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാല്‍, അതിനുള്ള സാധ്യത വിരളമാണെന്നാണു സൂചന.
ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. പാലാരിവട്ടത്തെയും കോഴിക്കോട്ടെയും കമ്പനി ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ പതിവുപോലെ പ്രവേശിക്കാം. ഇന്നലെ ജീവനക്കാരെ ഓഫീസില്‍ കയറ്റാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചത് വിവാദമായിരുന്നു.ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് പ്രകാരം നൂറിലധികം ജീവനക്കാരുള്ള സ്ഥാപനം അടയ്ക്കുന്നത് 90 ദിവസം മുന്നേ സര്‍ക്കാരിനെ അറിയിച്ചിരിക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ പറഞ്ഞു. അതിവിടെ നടപ്പിലാകാത്തത് നിയമലംഘനമാണ്.
തുടര്ചര്ച്ചയ്ക്കുശേഷവും തീരുമാനമുണ്ടായില്ലെങ്കില്‍ കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചു. കൊച്ചിയിലെ ഓഫീസില്‍ 616 ജീവനക്കാരും കോഴിക്കോട്ട് 300 ജീവനക്കാരുമാണ് ജോലി ചെയ്ുന്നത്.






