
കോഴിക്കോട്: ഇരുണ്ട കാടുകളിലും മേടുകളിലും വിഹരിക്കുന്ന പുള്ളിമാന്‍കൂട്ടങ്ങളെ കാണാന്‍ ഇഷ്‌ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. ഒരോ നാട്ടിലെയും കാടുകള്‍ക്ക് അതിന്റേതായ സൗന്ദര്യമുണ്ട്. ഇതിനൊപ്പം പുള്ളിമാന്‍കൂട്ടങ്ങള്‍ തുള്ളിച്ചാടി മേയുന്ന കാഴ്‌ച കണ്ണിനു കുളിര്‍മ്മയാണ്.
കേരളത്തിന്റെ ഭൂരിഭാഗം കാടുകളിലും പുള്ളിമാനുകള്‍ വസിക്കുന്നുണ്ട്. കാടിന്റെ നിശബ്‌ദതയില്‍ കൂട്ടങ്ങളായാണ് പുള്ളിമാനുകള്‍ സഞ്ചരിക്കുന്നത്.
കാടിന്റെ പച്ചപ്പിന്റെ വശ്യതയിലൂടെയുള്ള ഇവയുടെ സഞ്ചാരം എത്ര കണ്ടാലും മതിവരാത്ത കാഴ്‌ചയാണ്. തവിട്ടുനിറത്തിലുള്ള ശരീരത്തിലെ വെള്ളപ്പുള്ളികള്‍ വിതറിയ മാതൃകയിലാണു കാണുന്നത്. പുള്ളിമാന്റെ മനോഹരമായ പുളളികള്‍ കുഞ്ഞുനാള്‍ തൊട്ട് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നു. ആണ്‍ പുള്ളിമാനുകള്‍ക്ക് മൂന്നു ശാഖകളിലായി വളരുന്ന കൊമ്പുകള്‍ കാണാം.
ഈ കൊമ്പുകളുടെ ആകര്‍ഷണീയത സൗന്ദര്യത്തിന്റെ വേഷപ്പകര്‍ച്ച കൂടിയാണ്. നീളംകൂടിയ കാലുകളും സുന്ദരവും ലാളിത്യം തുളമ്പുന്ന കണ്ണുകളും നല്‍കി അനുഗ്രഹിച്ചതിനാല്‍ കാടിന്റെ സുന്ദരമായ പ്രതീകമായാണ് പുള്ളിമാനുകള്‍ നിലനില്‍ക്കുന്നത്. പുരാതന കാലത്ത് മാത്രമല്ല, ആധുനിക കാലത്തും സ്‌ത്രീകളുടെ സൗന്ദര്യ വര്‍ണനയ്‌ക്കായി പുള്ളിമാനോട് ഉപമിക്കുന്നത് കവിതകളിലും കഥകളിലും കാണാം. ഇന്ത്യയുള്‍പ്പടെ ഒട്ടുമിക്ക രാജ്യങ്ങളിലും പുള്ളിമാനുകളുണ്ട്. പുള്ളിമാനുകള്‍, സാബാര്‍ മാനുകള്‍, കേഴമാനുകള്‍ എന്നീ മൂന്നിനം മാനുകളാണ് പലയിടത്തുമുള്ളത്. കേരളത്തിലെ കാടുകളില്‍ പുള്ളിമാനുകളുടെ എണ്ണം വര്‍ധിച്ചതായാണു കണക്ക്.
വയനാട്, പെരിയാര്‍, പറമ്പിക്കുളം എന്നിവിടങ്ങളിലാണ് പുള്ളിമാനുകളുടെ ആവാസ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ 8000 മുതല്‍ 15000 വരെ പുള്ളിമാനുകളുണ്ടെന്നാണ് കഴിഞ്ഞകാല കണക്ക്. കേരളത്തിലെ വനമേഖലയിലെ പുള്ളിമാനുകളുടെ പുതിയ സെന്‍സസ് കണക്ക് പുറത്തുവന്നിട്ടില്ല.
വന്യജീവികളുടെ കണക്കനുസരിച്ച് പതിനായിരകണക്കിനു പുള്ളിമാനുകള്‍ സംസ്‌ഥാനത്തെ വിവിധ കാടുകളില്‍ ജീവിക്കുന്നതായി വിലയിരുത്തുന്നുണ്ട്. കേരളത്തിലെ മൃഗശാലകളിലും, കൊച്ചിയിലെ മാന്‍വളര്‍ത്തുകേന്ദ്രങ്ങളിലും നൂറുകണക്കിന് പുള്ളിമാനുകളെ വളര്‍ത്തുന്നുണ്ട്. പുള്ളിമാനുകള്‍ വര്‍ഷത്തില്‍ രണ്ടു പ്രസവമാണ് നടത്തുന്നത്. ഒരോ ജനനത്തിലും ഒരു കുഞ്ഞുവിതമുണ്ടാകും. പുള്ളിമാനുകളുടെ ജനനനിരക്ക് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്.
ജലലഭ്യതയുള്ള പുല്‍മേടുകളിലും വിശാലമായി തുറന്നുകിടക്കുന്ന കാനന മേഖലയിലുമാണ് പുള്ളിമാന്‍കൂട്ടങ്ങള്‍ കാണപ്പെടുന്നത്. എട്ടു മുതല്‍ മുപ്പതു വരെയുള്ള കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. ചിലയിടങ്ങളില്‍ എണ്ണത്തില്‍ വര്‍ധനയുണ്ടാവും. കൂട്ടമായ ജീവിതം സുരക്ഷയുടെ രഹസ്യമാണെന്നാണു പറയപ്പെടുന്നത്. പുല്ല്, മരത്തിന്റെ ഇലകള്‍, ചെറിയമുളകള്‍, പഴങ്ങള്‍ എന്നിവയാണ് പുള്ളിമാനുകളുടെ ആഹാരം.
കാടിന്റെ ദൃശ്യമനോഹാരിതയില്‍ മാനുകളെ നേരിട്ടുകാണാന്‍ പറ്റിയ വനമേഖലയാണ് കര്‍ണാടകയിലെ ബന്ദിപൂര്‍, തമിഴ്‌നാട്ടിലെ മുതുമല എന്നിവ. മൈസൂര്‍, ഊട്ടി യാത്രക്കാര്‍ക്ക് പുള്ളിമാനുകള്‍ നേര്‍ക്കാഴ്‌ചകളാണ്. 874 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുള്ള ബന്ദിപൂര്‍ വനമേഖലയിലെ 600 മീറ്റര്‍ ഭാഗങ്ങളില്‍ പുള്ളിമാന്‍ കൂട്ടങ്ങള്‍ നിര്‍ഭയമായി സഞ്ചരിക്കുന്ന കാഴ്‌ച ആനന്ദകരമാണ്.
വാഹനങ്ങളില്‍നിന്ന് ഇറങ്ങാതെ ഇവയെ യാത്രയില്‍ മതിവരുവോളം കണ്ടാസ്വദിക്കാം. ജലസ്രോതസുകളില്‍നിന്ന് അര കിലോമീറ്റര്‍ മുതല്‍ രണ്ടു കിലോമീറ്റര്‍ വരെയുള്ള പുല്‍മേടുകള്‍ നിറഞ്ഞ ഭാഗങ്ങളിലാണ് പുള്ളിമാനുകള്‍ മേഞ്ഞുനടക്കുന്നത്. പലപ്പോഴും മയില്‍ക്കൂട്ടങ്ങളും കുരങ്ങന്മാരും കൂട്ടിനുണ്ടാകും. കടുവയും പുലിയും ചെന്നായ്‌ക്കളും ഇവയ്‌ക്ക് ഭീഷണിയാകാറുണ്ട്. ഇവയുടെ സാന്നിധ്യമുണ്ടായാല്‍ മാനുകള്‍ പ്രത്യേകം അലാറം പ്രകടിപ്പിച്ച് രക്ഷപ്പെടാനുള്ള വഴി തുറക്കും. കൂട്ടത്തില്‍ കുരങ്ങന്മാരും മയിലുകളും പങ്കുചേരാറുണ്ട്.
പച്ചപുല്ലുകള്‍ ഭക്ഷിച്ച് പുലരുവോളം സഞ്ചരിക്കല്‍ പളളിമാനുകളുടെ മറ്റൊരു സവിശേഷതയാണ്. തുടര്‍ന്ന് വിശ്രമിക്കാന്‍ പാതയോരങ്ങളില്‍ സ്‌ഥലം കണ്ടെത്തും. മുതുമല ഭാഗങ്ങളില്‍ രാത്രികാലത്ത് ബസില്‍ സഞ്ചരിച്ചാല്‍ പുള്ളിമാനുകളും കാട്ടുപോത്തുകളും അടുത്തിടത്തായി വിശ്രമിക്കുന്നതു കാണാം.
പുള്ളിമാന്‍ ഒരു സുന്ദര ജീവി മാത്രമല്ല, കേരളത്തിന്റെ വനപരിസ്‌ഥിതിയുടെ സമത്വം നിലനിര്‍ത്തുന്നതിലെ സുപ്രധാന ഘടകവും കൂടിയാണ്. അതുകൊണ്ട് ഇവയുടെ സംരക്ഷണത്തില്‍ ജാഗ്രതയുണ്ടാകണം.






