മനസ്സിലെ വൈരാഗ്യവും ദേഷ്യവും ഒഴിവാക്കി പുതിയൊരു തുടക്കത്തിന് തയാറെടുക്കുന്ന ദിവസമാണ് ഗേ്ലാബല്‍ ഫോര്‍ഗിവ്നെസ് ഡേ അഥവാ ആഗോള ക്ഷമാദിനം. എല്ലാ വര്‍ഷവും ജൂലൈ ഏഴിനാണ് ഇത് ആചരിക്കുന്നത്.
ക്ഷമിക്കുക എന്നത് മറ്റുളളവര്‍ക്ക് നല്കുന്ന സമ്മാനം മാത്രമല്ല, അത് നാം സ്വയം നല്കുന്ന ഏറ്റവും വലിയ സമാധാനമാണ്. മുന്‍കാലങ്ങളിലെ തെറ്റുകള്‍ പൊറുക്കാനും, മറ്റുളളവരുടെ തെറ്റുകള്‍ ക്ഷമിച്ച് മുന്നോട്ടു പോകാനും ഈ ദിനം നമ്മെ ഓര്‍മിക്കുന്നു. മാനസിക ആരോഗ്യത്തിന് ക്ഷമ വളരെ അത്യാവശ്യമാണ്. ദേഷ്യവും പ്രതികാരചിന്തയും മനസ്സിനെ വിഷലിപ്തമാക്കുന്നു. എന്നാല്‍, ക്ഷമിക്കുന്നതിലൂടെ ആ ഭാരത്തില്‍ നിന്ന് മോചിതരാകുന്നു. 'തെറ്റ് മനുഷ്യസഹജമാണ്, ക്ഷമിക്കുന്നത് ദൈവികമാണ്' എന്ന് ഇംഗ്ലീഷ് കവി അലക്സാണ്ടര്‍ പോപ്പ് എഴുതി. ക്ഷമ ബലഹീനതയല്ല; മറിച്ച് അത് ഒരാളുടെ ഏറ്റവും വലിയ കരുത്താണ്. മഹാത്മാഗാന്ധി ക്ഷമയെക്കുറിച്ച് പറഞ്ഞത് 'ദുര്‍ബലര്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല, ക്ഷമ ശക്തരുടെ ഗുണമാണ്' എന്നാണ്.
ഇതിഹാസങ്ങളിലെ മാതൃകകള്‍
വിഷ്ണുവിന്റെ അവതാരമായ രാമന്, തന്നെ 14 വര്‍ഷം കാനനവാസത്തിന് അയച്ചതിന് തന്റെ രണ്ടാനമ്മയായ കൈകേയിയോട് ക്ഷമിച്ചു. മഹാഭാരതത്തില്‍ യുധിഷ്ഠിരന് തന്റെ ബന്ധുക്കളായ കൗരവര്‍ തന്നോടും സഹോദരന്മാരോടും ദ്രൗപദിയോടും കാണിച്ച ദ്രോഹത്തിന് ക്ഷമിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്നു. ഹോമറിന്റെ ഇലിയഡിന്റെ ക്ലൈമാക്സില്‍ ട്രോയിലെ രാജാവായ പ്രിയാം, തന്റെ മകന് ഹെക്ടറിനെ വധിച്ച അക്കില്ലസിനോടു ക്ഷമിക്കുന്നതു കാണാം.
മതഗ്രന്ഥങ്ങളില്‍ ക്ഷമയെക്കുറിച്ച്
ഭഗവദ്ഗീത: 16-ാം അദ്ധ്യായത്തിലെ മൂന്നാം ശ്ലോകത്തില്‍ ഭഗവാന് കൃഷ്ണന് ക്ഷമയെ മുക്തിയിലേക്ക് നയിക്കുന്ന ഒരു ദിവ്യഗുണമായി പട്ടികപ്പെടുത്തുന്നു. കോപം (ക്രോധം) വിനാശകരമാണെന്നും ഒരു വ്യക്തിയെ ഭൗതികമിഥ്യാധാരണകളിലേക്ക് ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിക്കുന്നു.
ഇസ്ലാം:- ഒരിക്കല്‍ മുഹമ്മദ് നബിയുടെ പ്രമുഖശിഷ്യനായ അലിയെ ഒരാള്‍ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. അയാളുടെ ആക്ഷേപം കേട്ടുകേട്ട് അലി സഹികെട്ടു. അപമാനഭാരം താങ്ങാന്‍ തീരെ കഴിയാതെ വന്നപ്പോള്‍ അലി തിരിച്ചടിച്ചു. തന്റെ നേരെ തൊടുത്തുവിട്ട ആക്ഷേപശരങ്ങളെ ദുര്‍ബലമാക്കുന്ന അതിശക്തമായ ശരങ്ങള്‍ തന്നെ അലി പ്രയോഗിച്ചു.
അലി പ്രത്യാരോപണശരങ്ങള് തൊടുത്തുവിടാന്‍ ആരംഭിച്ചപ്പോള്‍ അടുത്തുണ്ടായിരുന്ന മുഹമ്മദ് നബി അവിടെ നിന്നു മാറിപ്പോയി. അന്നു വൈകുന്നേരം നബിയെ കണ്ടപ്പോള്‍ അലി ചോദിച്ചു. 'എന്നെ അയാള്‍ കണ്ടമാനം അപമാനിച്ചതു കണ്ടിട്ടും അങ്ങ് ഒന്നും പറയാതെ എഴുന്നേറ്റുപോയല്ലോ?' ഉടനെ നബി പ്രശാന്തനായി ഇങ്ങനെ പറഞ്ഞു.
'സ്നേഹിതാ താങ്കളെ അധിക്ഷേപിച്ച ആ മനുഷ്യന് തികച്ചും പരുഷമായും ക്രൂരമായുമാണ് താങ്കളോട് പെരുമാറിയത്. താങ്കള്‍ അതിനു മറുപടി ഒന്നും പറയാതെ നിശ്ശബ്ദനായിരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു. അപ്പോള്‍ 10 മാലാഖമാര്‍ താങ്കളുടെ ചുറ്റും കാവല്‍ നില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, താങ്കള്‍ അയാളോട് തിരിച്ചടിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പോയി. ഞാനും അവിടെ നിന്നില്ല.' ക്ഷമയെക്കുറിച്ച് എന്തൊരു ഉദാത്തമായ പ്രബോധനം.
ക്രിസ്തുമതം: 'ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ' (മത്തായി 6.12) (ലൂക്കോസ് 11.4) എന്നാണ് യേശു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത്. 'കണ്ണിനു പകരം കണ്ണ്' എന്ന പ്രതികാരത്തിനു പകരം, ശിഷ്യരോട്, ഒരു കവിളത്ത് അടിച്ചതിന് മറ്റേ കവിള് കാണിച്ചു കൊടുക്കാന്‍ പഠിപ്പിച്ചു. ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കണമെന്നാണ് യേശു പഠിപ്പിച്ചത്. അതുപോലെ പശ്ചാത്തപിച്ച് വന്ന ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെയും മറ്റ് നിരവധി സന്ദര്‍ഭങ്ങളിലും ക്ഷമിക്കുന്ന സ്നേഹത്തെക്കുറിച്ച് പറഞ്ഞു.
ജൈനമതത്തിന്റെ ക്ഷമ എന്നത് ഒരാളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നതിനുളള മാര്‍ഗ്ഗമാണ്. ജൈനമതത്തിലെ ഒരു പ്രധാനമൂല്യമായ അഹിംസയുടെ ഒരു വശമാണ് ക്ഷമ. എല്ലാവര്‍ഷവും ജൈനന്മാര് ക്ഷമ ചോദിക്കുന്ന ദിവസമായ ക്ഷമാവാണി ദിവസ് എന്നറിയപ്പെടുന്ന ഉത്സവം ആഘോഷിക്കുന്നു.
ബുദ്ധമതത്തില്‍ ക്ഷമയെ നിര്‍വചിച്ചിരിക്കുന്നത് പ്രതികാരത്തിനായുളള ആഗ്രഹത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ആശയങ്ങളെ ക്ഷമ ഉള്‍ക്കൊളളുന്നു എന്നാണ്.
ഷേക്സ്പിയറിന്റെ ദ് ടെമ്പസ്റ്റ് എന്ന നാടകത്തിലെ പ്രധാനവിഷയം തന്നെ ക്ഷമയും അനുരഞ്ജനവുമാണ്. തന്റെ പ്രഭുത്വം തട്ടിയെടുത്ത കൊളളക്കാരോട് പ്രതികാരം ചെയ്യാന്‍ പ്രോസ്പെറോ 12 വര്‍ഷം പദ്ധതിയിട്ടു. ഒടുവില്‍, അവന് അവരോട് ക്ഷമിക്കാന്‍ തീരുമാനിച്ചു എന്നതാണ് കഥാതന്തു. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ (ലെ മിസെറബിള്‍) എന്ന ഫ്രഞ്ച് ഇതിഹാസനോവലിലെ പ്രധാനകഥാപാത്രം ഷാന്‍ വാല്ഷാനിനെ. വെള്ളി പ്ലേറ്റുകളും മെഴുകുതിരികളും മോഷ്ടിച്ചതിന് പോലീസ്, ബിഷപ്പിനു മുന്പില് കൊണ്ടു വന്നപ്പോള്‍ അവനെ ബിഷപ്പ് കുറ്റപ്പെടുത്തിയില്ല. പകരം താന്‍ നല്‍കിയതാണെന്ന് പറഞ്ഞു.
സമീപകാലശ്രദ്ധ ആകര്‍ഷിച്ച
ചില മാപ്പുകള്‍
കൊല്ലപ്പെട്ട ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസ് സ്െറ്റയിന്സ് 1999-ല്‍ തന്റെ ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്മക്കളയും കൊലപ്പെടുത്തിയ കുറ്റവാളികളോട് പരസ്യമായി ക്ഷമിച്ചു.
രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ നളിനിയോട് അദ്ദേഹത്തിന്റെ കുടുംബം ക്ഷമിച്ചു.
സിസ്റ്റര്‍ റാണിമരിയയുടെ ജീവിതകഥ പറയുന്ന സിനിമ (ദ് ഫേസ് ഓഫ് ദ് ഫേസ്ലെസ്) കുറച്ചുനാള്‍ മുന്‍പ് കാണാന്‍ ഇടയായി. ആ സിസ്റ്ററിന്റെ ദാരുണമരണത്തിന് ഇടയാക്കിയ സമുന്ദര്സിങ് എന്ന ഘാതകനോട് അവരുടെ കുടുംബം ക്ഷമിക്കുകയും സിസ്റ്ററിന്റെ അനുജത്തി സിസ്റ്റര്‍ സെല്‍മി അയാളെ ജയിലില്‍ച്ചെന്നു കണ്ട് 'ഭായി' എന്നു വിളിച്ച് അയാളുടെ കൈകളില്‍ സാഹോദര്യത്തിന്റെ 'രാഖി' കെട്ടിക്കൊടുക്കുകയും ചെയ്തു.
ഈ പറഞ്ഞതെല്ലാം ക്ഷമയുടെ വലിയ പാഠങ്ങളാണ് നമുക്ക് തരുന്നത് മാനസികസമാധാനവും ബന്ധങ്ങളുടെ ദൃഢതയും, ആരോഗ്യവും ഇതുവഴിയായി നമ്മള് നേടുന്നു.
തോംസണ്‍ ആന്റണി
(ലേഖകന്‍ എഴുത്തുകാരനും വനിത-ശിശു വികസന വകുപ്പില്‍ ഒ.ആര്.സി. പരിശീലകനുമാണ്. ഫോണ്‍: 9446403521)





