
തലശ്ശേരി: ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതല്‍ കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ കാണാതായതായി രേഖപ്പെടുത്തിയ എറണാകുളം സിജിഎം കോടതിയില്‍ നിന്ന് തന്നെയാണ് കിട്ടിയത്. 2006 ഒക്ടോബര്‍ 22-ന് തലശ്ശേരിയിലായിരുന്നു എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്.
രക്തം പുരണ്ട തൂവാല എലി കരണ്ടു എന്നാണ് നേരത്തേ തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എഴുതിയിരുന്നത്. കഴിഞ്ഞ തവണ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വിചാരണയ്ക്കിടയിലാണ് തൂവാല ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. അപ്പോഴാണ് തൂവാല കാണാനില്ലെന്ന കാര്യം പുറത്തറിഞ്ഞത്.
സിപിഎം വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതാണ് കൊലപാതകത്തിന് കാരണമെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ പത്രവിതരണക്കാരനായിരുന്ന ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെടുകയായിരുന്നു.
കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി എന്നിവരുള്‍പ്പെടെ എട്ടുപേരെ സി.ബി.ഐ പ്രതിചേര്‍ത്തു. സി.പി.എം. നേതാക്കള്‍ തന്നെയാണ് കൊലപാതകത്തിന്റെ സൂത്രധാരകരെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു കേസിലെ പ്രധാന തെളിവായ ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് എറണാകുളം സി.ജെ.എം കോടതിയില്‍ നിന്നും അന്ന് കാണാതായത്.
കേസ് അട്ടിമറിക്കാന്‍ തൂവാല ആസൂത്രിതമായി എടുത്ത് മാറ്റിയെന്നായിരുന്നു സിബിഐയുടെ ആരോപണം. ധര്‍മ്മടം-അണ്ടല്ലൂര്‍ ഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് സമീപത്ത് നിന്നായിരുന്നു തൂവാല ലഭിച്ചത്. കൊലയുടെ ഉത്തരവാദിത്വം ആര്‍എസ്എസ് പ്രവര്‍ത്തകരിലേക്ക് എത്തിക്കാനായി ഗൂഢാലോചന നടത്തിയതിന്റെ തെളിവാണ് രക്തം പുരണ്ട തൂവാലയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.






