
കൊച്ചി: അമേരിക്കന്‍ കമ്പനി കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെ ഇന്ന് ഓഫീസിലെത്തിയ ജീവനക്കാരെ ഇന്നും അകത്തേക്ക് വിട്ടില്ല. ഓഫീസ് തുറന്നുനല്‍കേണ്ടെന്ന് കമ്പനി അധികൃതര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
ഉമാ തോമസ് എംഎല്‍എയും തൊഴിലാളി സംഘടനാ പ്രതിനിധികളും സ്ഥലത്തെത്തി.വെള്ളിയാഴ്ചവരെ ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാമെന്ന് ലേബര്‍ കമ്മീഷണര്‍ നല്കിയ ഉറപ്പിനെ കാറ്റില്‍പറത്തിയാണ് നടപടി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാത്തത്.
ഇന്ന് ലേബര്‍ ഓഫീസര്‍മാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തും. വെള്ളിയാഴ്ച തൊഴില്‍മന്ത്രിയുടെ യോഗത്തിന് ശേഷമാകും മറ്റ് നടപടികള്‍. മാനേജ്മെന്റ് അഭിഭാഷക പ്രതിനിധിയും കമ്പനിയിലെ തൊഴിലാളി യൂണിയന് ഭാരവാഹികളും തമ്മിലും ഇന്നലെ വിശദമായ ചര്‍ച്ച നടത്തിയിരുന്നു.
മുന്‍ ദിവസങ്ങളില്‍ ഉണ്ടായതുപോലെ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറും സ്ഥാപനത്തില്‍ നേരിട്ടെത്തും. കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഈ മാസം പത്താം തീയതിയാണ് ചര്‍ച്ച. അതേസമയം അമേരിക്കന്‍ കമ്പനിയുടെ തൊഴില്‍ ചൂഷണത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.
10-ന് കമ്പനി അധികാരികളും തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയും സംബന്ധിക്കുന്ന യോഗം നടക്കുമെന്നും ഇന്നലെ ഉമാ തോമസ് എം.എല്‍.എ, ലേബര്‍ കമ്മിഷണര്‍, കോറോ ഹെല്‍ത്തിന്റെ ലീഗല്‍ അഡ്വൈസര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. കമ്പനി അധികൃതരുടെ സൗകര്യാര്‍ഥം തീയതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരാമെന്ന് ഉമാ തോമസ് പറഞ്ഞു. അപ്പോള്‍ അതനുസരിച്ചാകും മന്ത്രിയുമായുള്ള കൂടിക്കാഴ്ച. ജീവനക്കാരുടെ ആവശ്യങ്ങള്‍ കമ്പനിയെ അറിയിക്കുമെന്ന് ലീഗല്‍ അഡ്വൈസര്‍ ആമിര്‍ പറഞ്ഞു. എന്നാല്‍, കമ്പനിയുടെ മുന്നോട്ടുള്ള പോക്കിനെപ്പറ്റി ആശങ്കയേറെയാണ്. പിരിച്ചുവിടല്‍ റദ്ദാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാല്‍, അതിനുള്ള സാധ്യത വിരളമാണെന്നാണു സൂചന.
ഇന്നലെ ജീവനക്കാരെ ഓഫീസില്‍ കയറ്റാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചത് വിവാദമായിരുന്നു.ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് പ്രകാരം നൂറിലധികം ജീവനക്കാരുള്ള സ്ഥാപനം അടയ്ക്കുന്നത് 90 ദിവസം മുന്നേ സര്‍ക്കാരിനെ അറിയിച്ചിരിക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ പറഞ്ഞു. അതിവിടെ നടപ്പിലാകാത്തത് നിയമലംഘനമാണ്. തുടര്ചര്ച്ചയ്ക്കുശേഷവും തീരുമാനമുണ്ടായില്ലെങ്കില്‍ കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചു. കൊച്ചിയിലെ ഓഫീസില്‍ 616 ജീവനക്കാരും കോഴിക്കോട്ട് 300 ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. ഇവരെ ഇന്നലെ സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചില്ല.
ജോലിക്കെത്തിയ ജീവനക്കാരില്‍ ഗര്‍ഭിണികളുമുണ്ടായിരുന്നു. ഇവര്‍ക്കൊന്നും ഓഫീസിനുള്ളില്‍ കയറാന്‍ കഴിഞ്ഞില്ല. ശുചിമുറി സൗകര്യം പോലും ലഭിക്കാതെ വനിതാ ജീവനക്കാര്‍ വലഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധം കനത്തതോടെ പോലീസ് അയഞ്ഞു. തിരിച്ചറിയല്‍ കാര്ഡുള്ളവര്ക്കുമാത്രം അകത്തുകയറാന്‍ പോലീസ് അനുവദിച്ചതോടെ തല്ക്കാലം പ്രശ്നം പരിഹരിക്കപ്പെട്ടു.






