
മേപ്പാടി: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ അതിശക്തമായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം നാല് ആയി ഉയർന്നു. കരാർ കമ്പനി നൽകുന്ന വിവരം അനുസരിച്ച് ഏഴ് തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നാട്ടുകാരിൽ ആരെങ്കിലും മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന് അറിയാൻ സാധിച്ചിട്ടില്ല.
രക്ഷാപ്രവർത്തനത്തിൽ കുടുങ്ങിക്കിടന്നവരില്‍ രക്ഷപ്പെടുത്തിയവരുടെ എണ്ണം ഒമ്പതായി. നിരവധിപേര്‍ ഇനിയും മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് അപകടമുണ്ടായത്. പാലം പൂർണമായും മണ്ണുവന്നു മൂടിയിരിക്കുകയാണ്. എൻഡിആർഎഫ് സംഘവും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഏഴുപേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ട്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ട് എന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 34 അംഗ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ട്.
വീണ്ടും മണ്ണിടിയുന്നതും മഴ പെയ്യുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വയനാട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് തുരങ്കപാത നിര്‍മാണമേഖലയിലെ മീനാക്ഷിപാലത്തിനടുത്തുള്ള കുന്ന് വലിയ തോതില്‍ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിക്കുകയായിരുന്നു.
കുന്നിന്റെ മുകളില്‍ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസി പറയുന്നു. അവിടെയുള്ള പ്രദേശങ്ങളെയാകെ ബന്ധിപ്പിക്കുന്ന പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഏഴുപേരെ ഇപ്പോഴും കാണാനുണ്ട്. പോലീസും ഫയര്‍ഫോഴ്സുമെല്ലാം സ്ഥലത്ത് പ്രവര്‍ത്തനത്തിലാണ്.






