
ടെഹ്‌റാൻ: യു.എസ് - ഇറാൻ സംഘർഷം സമാധാനപരമായ അന്ത്യത്തിലേക്ക് അടുക്കുവാൻ ഇനിയും സമയമെടുക്കുമെന്ന സൂചന നൽകി ഹോർമുസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ മൂന്ന് വാണിജ്യ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി.
ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ നൽകുന്ന വിവരമനുസരിച്ച്, തിരിച്ചറിയാത്ത ഒരു മിസൈൽ അല്ലെങ്കിൽ റോക്കറ്റ് പതിച്ച് ഒരു വാണിജ്യ കപ്പലിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.തങ്ങളുടെ 'അൽ റെകയ്യാത്ത്' എന്ന എൽഎൻജി കപ്പലിനെ ഇറാൻ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി ഖത്തർ ആരോപിച്ചു. കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടായതായും, കപ്പലിൽ ദ്രവീകൃത പ്രകൃതിവാതകം ഉള്ളതിനാൽ വലിയൊരു സ്ഫോടന സാധ്യതയുണ്ടെന്നും മാരിടൈം സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതോടൊപ്പം ഒമാൻ തീരത്തിനടുത്ത് വച്ച് 'വെദ്യാൻ' എന്ന സൗദി അറേബ്യൻ ക്രൂഡ് ഓയിൽ സൂപ്പർടാങ്കറിനും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.യുഎസ്-ഇസ്രായേൽ സംഘർഷത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണങ്ങളാണിത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സ്ഥിരമായി ട്രാൻസിറ്റ് ഫീസ് ഈടാക്കാനുള്ള ശ്രമത്തിലാണ് ഇറാൻ.
കഴിഞ്ഞ മാസം യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും, കഴിഞ്ഞ ആഴ്ച ഖത്തറിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന്, നയതന്ത്രത പരാജയപ്പെട്ടാൽ ഇറാന്റെ ഊർജ്ജ വിതരണ കേന്ദ്രങ്ങളും പാലങ്ങളും ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ യുഎസിന് കഴിയുമെന്നും സൈനിക നടപടി ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല എന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ സൈനിക ഭീഷണിക്ക് മുന്നിൽ ചർച്ചകൾ സാധ്യമല്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി തിരിച്ചടിച്ചു.






