
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിൽ കാണിക്ക മോഷണം നടന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ വിഎച്ച്പി നേതാവ് ചമ്പത് റായ് വിഷയത്തിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രാഥമിക അന്വേഷണം നടക്കുന്നതിനാലാണ് താൻ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ സത്യം പുറത്തുവരുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
2026 ജൂൺ 6 മുതൽ ഉയർന്നുവന്ന കാണിക്ക മോഷണ ആരോപണങ്ങളിലും തനിക്കെതിരെ ഉയർന്ന വ്യക്തിപരമായ ആക്ഷേപങ്ങളിലും ചമ്പത് റായ് ഇതുവരെ മൗനം പാലിക്കുകയായിരുന്നു. ട്രസ്റ്റിന്റെ നിർദ്ദേശപ്രകാരം സിറ്റിന്റെ പ്രാഥമിക കണ്ടെത്തലുകൾ പുറത്തുവരുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും ഇതിനെ അന്തിമ വിധിയായി കാണരുതെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. എസ്ഐടി അന്തിമ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മാത്രമേ ഈ കേസിനെച്ചൊല്ലിയുള്ള തെറ്റിദ്ധാരണകൾക്കും വ്യാജപ്രചാരണങ്ങൾക്കും മറുപടി നൽകുന്നത് ഉചിതമാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ 45 വർഷത്തെ പൊതുജീവിതം തികച്ചും സുതാര്യമായിരുന്നുവെന്ന് ചമ്പത് റായ് ഓർമ്മിപ്പിച്ചു. 1991 ഒക്ടോബർ മുതൽ അയോധ്യ കേന്ദ്രീകരിച്ച് സംഘടനയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തിയാണ് താനെന്നും സത്യത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ആവർത്തിച്ചു.






