
അറ്റ്ലാന്റ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരവും വിവാദഭരിതവുമായ മത്സരങ്ങളിലൊന്നില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ രോഷവുമായി ഈജിപ്ത്. അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ വീഡിയോ അസിസ്റ്റന്റ് റഫറി തീരുമാനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമല്ലായിരുന്നുവെന്ന് ആരോപിച്ച് ഈജിപ്ത് ക്യാമ്പ് കടുത്ത അമര്‍ഷത്തിലാണ്.
കളി അവസാനിക്കാന്‍ 12 മിനിറ്റു വരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഈജിപ്തിനെ 3-2 നാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തില്‍ തങ്ങള്‍ അനീതിയ്ക്ക് ഇരയായെന്ന് ഈജിപ്ഷ്യന്‍ താരങ്ങള്‍ക്ക് തോന്നിയിരിക്കുകയാണ്. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിമിലൂടെ ഈജിപ്ത് മുന്നിലെത്തി. പിന്നീട് ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ മുസ്തഫ ഷൊബൈര്‍, ലയണല്‍ മെസ്സിയുടെ പെനാല്‍റ്റി കിക്ക് തടുത്തിട്ട് ടീമിന്റെ ലീഡ് നിലനിര്‍ത്തി. ഈജിപ്ത് 1-0 ന് മുന്നിട്ടുനില്‍ക്കുമ്പോള്‍ മുസ്തഫ സിക്കോ നേടിയ രണ്ടാം ഗോള്‍ വിഎആര്‍ ഇടപെടലിലൂടെ റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയര്‍ റദ്ദാക്കി.
ഈജിപ്ത് താരം മര്വാന് അത്തിയ അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗോള്‍ നിഷേധിച്ചത്. 79-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ മടക്കി. 83-ാം മിനിറ്റില്‍ നായകന് ലയണല്‍ മെസ്സി സ്കോര്‍ 2-2 സമനിലയിലാക്കി. ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ ഹെഡ്ഡര്‍ ഗോളിലൂടെ അര്‍ജന്റീന അവിശ്വസനീയമായ വിജയം സ്വന്തമാക്കി. ഈജിപ്ത് പരിശീലകന് ഹൊസാം ഹസ്സന് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. അര്‍ജന്റീനയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
'ഞങ്ങളോട് കടുത്ത അനീതിയാണ് കാണിച്ചത്. ലോക ചാമ്പ്യന്മാര്ക്ക് എല്ലാ തലങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ടായിരുന്നു. മെസ്സിയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. ജീവിതം തന്നെ അനീതി നിറഞ്ഞതാണ്, പക്ഷേ കായികരംഗത്തെങ്കിലും നീതി പുലരേണ്ടതല്ലേ?' ഈജിപ്ത് പരിശീലകന് ചോദിച്ചു.
വിജയഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് അര്‍ജന്റീനയുടെ പെനാല്‍റ്റി ബോക്സില്‍ വെച്ച് മുഹമ്മദ് സലാ ഫൗള്‍ ചെയ്യപ്പെട്ടിട്ടും റഫറിയോ വിഎആറോ അത് പരിശോധിക്കാന്‍ തയ്യാറായില്ലെന്നും ഈജിപ്ത് താരങ്ങള്‍ ആരോപിച്ചു. മത്സരത്തിനിടെ പ്രതിഷേധിച്ച ഈജിപ്ഷ്യന്‍ സഹപരിശീലകന്‍ ചുവപ്പ് കാര്‍ഡും, പരിശീലകന് ഹസ്സന് മഞ്ഞക്കാര്‍ഡും ലഭിച്ചു.






