
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബരുയിപ്പൂരില്‍ 11 കാരിയെ ബലാത്സംഗം ചെയ്തതിന് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ബരുയിപ്പൂരില്‍ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനിടെ പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 12.45 ഓടെയായിരുന്നു സംഭവം. 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ പ്രഭാഷ് മൊണ്ടാലിനെ സൂര്യപൂരിലെ സംഭവസ്ഥലത്ത് ബരുയിപ്പൂര്‍ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് എത്തിച്ചപ്പോഴായിരുന്നു സംഭവം. അന്വേഷണ ഉദ്യോഗസ്ഥനും സംഘവും പ്രഭാഷ് മൊണ്ടാലിനെ സൂര്യപൂരിലെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ മൊണ്ടാല്‍ ഒരു പോലീസുകാരന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുക്കുകയും പോലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിര്‍ത്ത് ഓടിപ്പോകാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം തിരിച്ചടിക്കുകയും വെടിവെപ്പില്‍ പ്രതിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ മൊണ്ടാലിനെ ബരുയിപ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ നിലയില്‍ വീടിനടുത്തുള്ള കുളത്തില്‍ കണ്ടെത്തിയത്. ഈ സംഭവം പ്രദേശത്ത് വന്‍ അക്രമത്തിന് കാരണമായിരുന്നു. ജനക്കൂട്ടം പോലീസിനെ ആക്രമിക്കുകയും റോഡുകളും റെയില്‍വേ ട്രാക്കുകളും ഉപരോധിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഇന്ദ്രനാഥ് താന്തി എന്ന യുവാവിനെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. എന്നാല്‍ ജനക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധിയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.






