
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാരില്‍ 60 ശതമാനവും താത്കാലികക്കാര്‍. സ്ഥിരം ജീവനക്കാര്‍ നിയോഗിച്ച പകരക്കാരാണ് ഇവരില്‍ ഏറെയും. ഈ താത്കാലിക സംവിധാനം പലപ്പോഴും ആചാരലംഘനങ്ങള്‍ക്കുപോലും കാരണമാകുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1250 ക്ഷേത്രങ്ങളാണുള്ളത്. ദിവസേന മൂന്നോ അതിലധികമോ പൂജകളുള്ള മേജര്‍ ക്ഷേത്രങ്ങളും രാവിലെയും വൈകിട്ടും തുറക്കുന്ന ഇടത്തരം ക്ഷേത്രങ്ങളും ഒരുനേരം മാത്രം പൂജയുള്ള ചെറിയക്ഷേത്രങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. മേജര്‍ ക്ഷേത്രങ്ങളില്‍ തകില്‍, നാഗസ്വരം, പഞ്ചവാദ്യം, കഴകം, തളി തസ്തികകളില്‍ നിരവധി ഒഴിവുകള്‍ കാലങ്ങളായി നികത്താതെ കിടക്കുന്നു. സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ പകരക്കാരെ വച്ചാണ് ഈ ജോലികള്‍ ചെയ്യിക്കുന്നത്.
സ്ഥിരം ജീവനക്കാരന് ഒഴിവാക്കാന്‍ പറ്റാത്ത കാരണമുണ്ടെങ്കിലേ പകരക്കാരനെ നിയോഗിക്കാവൂ എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വ്യവസ്ഥ. എന്നാല്‍, നിലവില്‍ സ്ഥിതി അതല്ല. മറ്റ് ജോലികള്‍ക്കു പോകുകയും ക്ഷേത്രജോലിക്കു പകരക്കാരെ നിയോഗിക്കുകയും ചെയ്യുന്ന സ്ഥിരം ജീവനക്കാരുണ്ട്. രാഷ്ട്രീയശിപാര്‍ശയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിക്കു കയറിയവരാണ് ഇങ്ങനെ പകരക്കാരെ നിയമിച്ച് മുങ്ങുന്നത്. ഇത്തരം ചട്ടലംഘനങ്ങള്‍ക്കുനേരേ ബോര്‍ഡ് കണ്ണടയ്ക്കുന്നതിനാല്‍ മേജര്‍ ക്ഷേത്രങ്ങളില്‍പ്പോലും കാര്യങ്ങള്‍ അവതാളത്തിലാണ്. അതേസമയം, ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ മുമ്പത്തെക്കാള്‍ ജീവനക്കാര്‍ ഇപ്പോഴുണ്ട്. ക്ഷേത്രങ്ങളില്‍ ജോലിചെയ്യേണ്ട പലരും ബോര്‍ഡ് ആസ്ഥാനത്തടക്കം തമ്പടിച്ചിരിക്കുന്നു. ഇവര്‍ ജോലിചെയ്യേണ്ട ക്ഷേത്രങ്ങളില്‍ പകരക്കാര്‍ വാഴുന്നു.
വൈക്കം ഗ്രൂപ്പില്‍ മുമ്പ് രണ്ട് എന്‍ജിനീയര്‍മാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏഴുപേരായി. ഒരു ചീഫ് എന്‍ജിനീയര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് മൂന്നുപേര്‍. എ.സിമാരുടെ എണ്ണം 16-ല്‍നിന്ന് എണ്‍പതും ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍മാര്‍ മൂന്നില്‍നിന്ന് പതിമൂന്നുമായി. ഒരു ദേവസ്വം കമ്മിഷണര്‍ ഉണ്ടായിരുന്നിടത്ത് അതേ ഗ്രേഡില്‍ മൂന്നുപേരുണ്ട്. ഒരേസമയം സ്ഥിരം ജീവനക്കാര്‍ക്കും പകരക്കാര്‍ക്കും ശമ്പളം കൊടുത്ത് ബോര്‍ഡ് വന്‍സാമ്പത്തികപ്രതിസന്ധിയിലാണ്. പകരക്കാര്‍ക്കു കാര്യമായി ഉത്തരവാദിത്വമില്ലാത്തതിനാല്‍ പല ക്ഷേത്രങ്ങളിലും ആചാരലോപമുണ്ടാകുന്നതായും പരാതിയുണ്ട്.






