
ആലപ്പുഴ: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്ബെക്കിസ്താനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ സഹപാഠി സദറുല്‍ അനം(23) കുറ്റം സമ്മതിച്ചു. ക്രൂരമായി മര്‍ദ്ദിച്ച് ലാപ്ടോപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവെന്ന് ഇയാള്‍ ഉസ്ബക്ക് പോലീസിനോട് പറഞ്ഞു.
ആശുപത്രിയില്‍ എത്തിച്ചതും അനം ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച കോളേജ് ഹോസ്റ്റലില്‍വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സദറുല്‍ അനം ആക്രമിക്കുകയുമായിരുന്നു. മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. തലച്ചോറിലെ രക്തസ്രാവമാണ് വിദ്യാര്‍ത്ഥിനിയുടെ മരണ കാരണം.
ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ സാവരിയ(22) ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ്. ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം കുടുംബം അന്വേഷിച്ചപ്പോഴാണ് മകളുടെ കൊലപാതക വിവരം പുറത്തറിയുന്നത്.
ഉസ്ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. മൃതദേഹം ഇന്നലെ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.






