
ജീവിതത്തിലെ തിരക്കുകൾക്കിടയിൽ പലപ്പോഴും ചെറിയൊരു ഇടവേളയും ചൂടുള്ളൊരു പലഹാരവും ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാൽ, ആ ആഗ്രഹം തീർക്കാൻ സാക്ഷാൽ തീവണ്ടി തന്നെ വഴിയിൽ നിർത്തിയാലോ? അത്തരത്തിലൊരു കൗതുകകരവും ഒപ്പം ഗൗരവമേറിയതുമായ സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാത്രാമധ്യേ സമൂസയും കച്ചോറിയും വാങ്ങുന്നതിനായി ലോക്കോ പൈലറ്റ് പാളത്തിനരികിൽ ട്രെയിൻ നിർത്തിയെന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇൻഡോർ-മൗ റൂട്ടിലോടുന്ന ട്രെയിനാണ് യാത്രാമധ്യേ വഴിയിലെ ഒരു കടയ്ക്ക് സമീപം നിർത്തി പൈലറ്റ് ഭക്ഷണം വാങ്ങാൻ പോയതെന്ന രീതിയിലാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ട്രാക്കിനോട് ചേർന്നുള്ള കടയിൽ നിന്നും ഭക്ഷണപ്പൊതിയുമായി ലോക്കോ പൈലറ്റ് ട്രെയിനിലേക്ക് തിരികെ കയറുന്നതാണ് വീഡിയോയിലുള്ളത്.
വ്യക്തിഗത ആവശ്യങ്ങൾക്കായി ട്രെയിൻ വഴിയിൽ നിർത്തിയിടുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും ഗുരുതരമായ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി. ഔദ്യോഗികമായ യാതൊരു കാരണവുമില്ലാതെ ലോക്കോ പൈലറ്റ് കാബിൻ വിട്ട് പുറത്തിറങ്ങി ഭക്ഷണം വാങ്ങിയ സംഭവം റെയിൽവേയുടെ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഇത്തരത്തിലുള്ള പ്രവൃത്തികൾ പൊതുജനങ്ങളുടെ ഇടയിൽ റെയിൽവേ സംവിധാനത്തോടുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലാവുകയും യാത്രക്കാരുടെ ഇടയിൽ ആശങ്ക സൃഷ്ടിക്കുകയും ചെയ്തതോടെ റെയിൽവേ അധികൃതർ സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിച്ചു. വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണെന്നും ഇതിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ട്രെയിനിന്റെ മൂവ്മെന്റ് റെക്കോർഡുകളും മറ്റ് പ്രവർത്തന വിശദാംശങ്ങളും പരിശോധിച്ച ശേഷമാകും അന്തിമ നടപടിയിലേക്ക് കടക്കുക.
പൊതുഗതാഗത സംവിധാനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജീവനക്കാർ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും അച്ചടക്കവും പാലിക്കേണ്ടതുണ്ട്. യാത്രാസമയത്ത് ഇത്തരം വ്യക്തിഗത ആവശ്യങ്ങൾക്കായി ട്രെയിൻ നിർത്തിയിടുന്നത് അനുവദനീയമല്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
— JAI MAA DURGA (@proudgirlfather) July 7, 2026






