
തിരുവനന്തപുരം: വയനാട്ടിലെ കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ടെലിഫോണിൽ സംസാരിച്ചു. ദുരന്തത്തിന്റെ സാഹചര്യം വിശദമായി അന്വേഷിച്ച അദ്ദേഹം, രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കും കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകി. ഇതുവരെ കേരളം നടത്തിയ ഇടപെടലുകളിൽ തൃപ്തി രേഖപ്പെടുത്തിയ അമിത് ഷാ, സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനായി മന്ത്രിസഭ തീരുമാനമെടുത്തതായി മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു.
അതേസമയം, ദുരന്തത്തിൽ മരിച്ച മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജാർഖണ്ഡ് സ്വദേശിയായ അൻമോൽ റായ്, ബിഹാർ സ്വദേശിയായ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര പാൻ പാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒൻപത് പേർ ചികിത്സയിൽ തുടരുകയാണ്. അഞ്ച് പേരെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.






